ഇന്ന് വിദ്യാഭ്യാസബന്ദ്
07-11-2023

തിരുവനന്തപുരം : കേരളവർമ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് വിഷയത്തിൽ മന്ത്രി ആർ.ബിന്ദുവിന്റെ ഒൗദ്യോഗികവസതിയിലേക്ക് കെ.എസ്.യു. നടത്തിയ മാർച്ചിനെ തുടർന്ന് തലസ്ഥാനത്ത് വൻ സംഘർഷം. മാർച്ചിൽ പങ്കെടുത്തവരെ അകാരണമായി പോലീസ് മർദിെച്ചന്നാരോപിച്ചു നടത്തിയ റോഡ് ഉപരോധത്തെ തുടർന്നാണ് സംഘർഷമുണ്ടായത്. പാളയത്തും ബേക്കറിയിലുമടക്കം പോലീസുകാരും പ്രതിഷേധക്കാരുമായി ഏറ്റുമുട്ടി. സംഘർഷത്തിൽ നിരവധി കെ.എസ്.യു. പ്രവർത്തകർക്കു പരിക്കേറ്റു. പോലീസ് മർദനത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസ ബന്ദിന് കെ.എസ്.യു. ആഹ്വാനം ചെയ്തിട്ടുണ്ട്.
മന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടാണ് കെ.എസ്.യു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്. പോലീസ് ബാരിക്കേഡ് മറികടന്ന് തള്ളിക്കയറാൻ ശ്രമിച്ച നേതാക്കൾക്കു നേരേ പോലീസ് ലാത്തിവീശി. കെ.എസ്.യു. സംസ്ഥാന കമ്മിറ്റി അംഗം നസിയ മുണ്ടപ്പള്ളി, അരുവിക്കര നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അഭിജിത്ത് എന്നിവർക്ക് തലയ്ക്കു പരിക്കേറ്റു. മന്ത്രിയുടെ വസതിക്കു മുന്നിൽ ബാരിക്കേഡ് മറികടന്ന് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകർക്കു നേരേ പോലീസ് മൂന്നു തവണ ജലപീരങ്കി പ്രയോഗിച്ചു. തുടർന്നാണ് ലാത്തിവീശിയത്. പോലീസുകാരുമായി തർക്കിച്ചുകൊണ്ടുനിന്ന പ്രവർത്തകരുടെ തലയ്ക്കാണ് അടിച്ചത്. സിയയുടെ മൂക്കിന്റെ പാലത്തിനും അഭിജിത്തിന്റെ മുഖത്തും പൊട്ടലുണ്ട്.
ഇതിനു പിന്നാലെ പോലീസ് ആസൂത്രിതമായി കെ.എസ്.യു. വനിതാ നേതാക്കളെയടക്കം മർദിക്കുകയായിരുന്നുവെന്നാരോപിച്ച് പാളയത്ത് പ്രവർത്തകർ റോഡ് ഉപരോധിച്ചു. പി.പി.ചിത്തരഞ്ജൻ എം.എൽ.എ.യുടെ കാർ പ്രതിഷേധക്കാർ തടഞ്ഞു. ഇതോടെ പ്രവർത്തകരെ ബലംപ്രയോഗിച്ച് നീക്കംചെയ്യാൻ പോലീസ് ശ്രമിച്ചു. പോലീസും കെ.എസ്.യു.ക്കാരും തമ്മിൽ ഉന്തുംതള്ളുമായി. വഴിയരികിൽ സ്ഥാപിച്ചിരുന്ന കേരളീയത്തിന്റെയടക്കം ബോർഡുകൾ നശിപ്പിച്ചു.
പലഭാഗത്തേക്കു ചിതറിയോടിയ പ്രവർത്തകരെ പോലീസ് പിന്തുടർന്ന് മർദിച്ചതായാണ് പരാതി. ബേക്കറി ഭാഗത്തുനിന്നു പിടികൂടിയ നെടുമങ്ങാട് നിയോജകമണ്ഡലം സെക്രട്ടറി അഭിജിത്തിനെ പ്രവർത്തകർ പോലീസ് ജീപ്പിൽനിന്നു പിടിച്ചിറക്കി ഓട്ടോയിൽ കയറ്റിവിടാൻ ശ്രമിച്ചു. പോലീസുകാർ ക്രൂരമായി മർദിെച്ചന്നാരോപിച്ചായിരുന്നു ഇത്. ഇതിനിടെ പോലീസ് ജീപ്പിന്റെ താക്കോലും പ്രവർത്തകർ ദൂരേക്കു വലിച്ചെറിഞ്ഞു. പോലീസുകാർ പിന്തുടർന്ന് അഭിജിത്തിനെ വീണ്ടും പിടികൂടി വലിച്ചിഴച്ച് പോലീസ് വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന ആവശ്യവും പോലീസ് തള്ളി.
അഭിജിത്തിനെയും സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാനെയും അറസ്റ്റ് ചെയ്ത പോലീസ് വാഹനത്തിനകത്തിട്ടു മർദിച്ചതായി നേതാക്കൾ ആരോപിച്ചു. തുടർന്ന് എം.വിൻസെന്റ് എം.എൽ.എ., യൂത്ത് കോൺഗ്രസ് നേതാവ് സുധീർഷാ അടക്കമുള്ളവർ ഇവരെ കൊണ്ടുപോയ എ.ആർ. ക്യാമ്പിലെത്തി പ്രതിഷേധിച്ച ശേഷമാണ് അഭിജിത്തിനെ ആശുപത്രിയിലേക്കു മാറ്റിയത്. കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ, പ്രതുൽ എന്നിവരെയും പോലീസ് അറസ്റ്റുചെയ്തു. പോലീസ് മർദനത്തിൽ നിരവധി പ്രവർത്തകർക്കു പരിക്കേറ്റതായി നേതാക്കൾ പറഞ്ഞു. മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ വാഹനം പ്രതിഷേധക്കാർ തടയാൻ ശ്രമിച്ചെങ്കിലും പോലീസ് ഇടപെട്ടതോടെ പിന്മാറുകയായിരുന്നു. അറസ്റ്റിലായ നാലുപേരെയും റിമാൻഡ് ചെയ്തു.
മാർച്ച് കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ.യദുകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഫർഹാൻ മുണ്ടേരി, അർജുൻ കറ്റയാട്ട്, ആദേശ് സുധർമൻ എന്നിവർ സംസാരിച്ചു.

Leave a comment