03-11-2023

കൊച്ചി: കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മരിച്ച ലിബ്‌നയുടെ സംസ്‌കാര ചടങ്ങുകള്‍ ശനിയാഴ്ച (നാളെ) നടക്കും. നാളെ രാവിലെ മലയാറ്റൂര്‍ നീലിശ്വരം എസ്എന്‍ഡിപി സ്‌കൂളില്‍ പൊതുദര്‍ശനം നടത്തും. 2.30 ന് വീട്ടില്‍ എത്തിക്കും. വൈകിട്ട് നാല് മണിക്ക് സംസ്‌കാരം കൊരട്ടിയിലെ യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയില്‍ നടക്കും.
ലിബ്‌നയുടെ മൃതദേഹം അവസാനമായി ഒരു നോക്ക് കാണാന്‍ സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അമ്മയ്ക്കും സഹോദരനും കഴിയില്ല. ഇവര്‍ക്ക് ഒരു നോക്ക് കാണാനാണ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നത്. സ്‌ഫോടനം നടന്ന അന്ന് അര്‍ദ്ധരാത്രിയോടെയാണ് ലിബ്ന മരിച്ചത്
95 ശതമാനവും ലിബ്‌നയ്ക്ക് പൊള്ളലേറ്റിരുന്നു. മരിച്ചതിന് ശേഷം കളമശ്ശേരി മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയിലാണ് ലിബ്നയുടെ മൃതദേഹം സൂക്ഷിച്ചിരുന്നത്. നിലവില്‍ അമ്മ സാലി (45) യും മൂത്ത സഹോദരന്‍ പ്രവീണും (24) സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിലാണ്. ഇളയ സഹോദരന്‍ രാഹുലും (21) ചികിത്സയിലാണ്. ലിഖ്‌ന മരണപ്പെട്ടത് ഇവരാരും അറിഞ്ഞിട്ടില്ല. അച്ഛന്‍ പ്രദീപന്‍ ആശുപത്ര വരാന്തയിലാണ് കഴിച്ചുകൂട്ടുന്നത്.
പാചകത്തൊഴിലാളിയാണ് ലിബ്‌നയുടെ പിതാവ് പ്രദീപന്‍. മഞ്ഞപ്ര പല്ലിക്കുന്നിലെ വാടകവീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. ഞായറാഴ്ച ജോലി ഉള്ളതിനാല്‍ പ്രദീപന്‍ കളമശ്ശേരിയിലേക്ക് പോയിരുന്നില്ല. മൂത്ത മകന്‍ പ്രവീണിന് ചെന്നൈയില്‍ ജോലി കിട്ടിയതിന്റെ ആശ്വാസത്തിനിടെയാണ് ഈ കുടുംബത്തെ തേടി ദുരന്തം എത്തിയത്. പഠിക്കാന്‍ മിടുക്കിയായിരുന്നു ലിബ്‌ന.
ലിബ്ന അധ്യാപികയ്ക്ക് എഴുതിയ കത്ത് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയടക്കം സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. നീലീശ്വരം എസ്എൻഡിപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയും ക്ലാസ് ലീഡറുമായിരുന്ന ലിബ്ന അധ്യാപികയായ ബിന്ദുവിന് എഴുതിയ കത്താണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. കണക്ക് അധ്യാപികയായ ബിന്ദു രണ്ടാഴ്ചയോളം അവധിയെടുത്തപ്പോഴാണ് ലിബ്നയും കൂട്ടുകാരും പ്രിയ ടീച്ചറുടെ സുഖവിവരം തിരക്കി കത്തെഴുതിയത്.

Leave a comment