31-10-2023

കൊച്ചി: കളമശ്ശേരി ബോംബ് സ്ഫോടനത്തിലെ പ്രതിയായ ഡൊമിനിക് മാര്‍ട്ടിനെ റിമാൻഡ് ചെയ്തു. നവംബര്‍ 29 വരെയാണ് റിമാന്‍ഡ് ചെയ്തത്. ഇയാളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും. പ്രതിക്കെതിരെയുള്ള ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് കോടതി കണ്ടെത്തി.
പ്രതിക്ക് ആരോഗ്യ – മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് കോടതി പറഞ്ഞു. തിരിച്ചറിയൽ പരേഡിനും കോടതി അനുമതി നൽകിയിട്ടുണ്ട്. നാളെ സിജെഎം (ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്) കോടതിയിൽ ഇതിനായുള്ള അപേക്ഷ പോലീസ് നൽകും
ഇന്ന് വൈകുന്നേരം പ്രതി ഡൊമിനിക് മാർട്ടിനെ എറണാകുളം സെഷൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രതിക്ക് വേണ്ടി ലീഗൽ സർവീസസ് അതോറിറ്റിയിൽ നിന്നുള്ള അഭിഭാഷകൻ ഹാജരായി. തനിക്ക് വേണ്ടി താൻ സംസാരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പ്രതി പറഞ്ഞു. ‘തന്‍റെ ശബ്ദത്തിൽ സംസാരിക്കാനാണ് ആഗ്രഹിക്കുന്നത്, അഭിഭാഷക സഹായം ആവശ്യമില്ലെന്നും’ പ്രതി കോടതിയോട് പറഞ്ഞു.
ഞായറാഴ്ച രാവിലെ 9.40 ന് യഹോവ സാക്ഷികളുടെ കൺവെൻഷനിടയുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് നിലവിൽ ചികിത്സയിലുള്ളത് 21 പേരെന്ന് മെഡിക്കൽ ബുള്ളറ്റിൻ. രാവിലെ 10 മണിക്കിറക്കിയ മെഡിക്കൽ ബുള്ളറ്റിൻ പ്രകാരം, 21 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 16 പേർ ഐസിയുവിലാണ്. മൂന്നുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു
പരിക്കേറ്റ അഞ്ചുപേർ വാർഡുകളിലാണ് ചികിത്സയിലുള്ളത്. ഇവിടെയുള്ള 14 വയസുള്ള കുട്ടിയെ നാളെ ഐസിയുവിലേക്ക് മാറ്റും. കുട്ടിക്ക് 10 ശതമാനമാണ് പൊള്ളലേറ്റത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഒരു രോഗിയെ സ്കിൻ ഗ്രാഫ്റ്റിങ്ങിനും നൂതന ചികിത്സയ്ക്കുമായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു.
കളമശ്ശേരി സാമ്ര കൺവെൻഷൻ സെന്‍ററിൽ ഞായറാഴ്ച രാവിലെ 9:40 ഓടെയാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പെരുമ്പാവൂർ ഇരിങ്ങോൾ വട്ടോളിപ്പടി പുളിയൻവീട്ടിൽ ലിയോണ പൗലോസ് (60), തൊടുപുഴ കാളിയാർ കുളത്തിൽ വീട്ടിൽ കുമാരി (50), മഞ്ഞപ്ര പല്ലിക്കുന്ന് സ്വദേശി ലിബ്ന (12) എന്നിവരാണ് മരിച്ചത്. പ്രതിയായ കൊച്ചി സ്വദേശി ഡൊമിനിക് മാർട്ടിൻ (48) തൃശൂർ കൊടകര പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. ഇയാളുടെ അറസ്റ്റ് പോലീസ് തിങ്കളാഴ്ച രേഖപ്പെടുത്തി.

Leave a comment