30-10-2023

കടയ്ക്കാവൂർ: ഗൂണ്ടാ ലിസ്റ്റിൽപ്പെട്ട നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കടയ്‌ക്കാവൂർ പൊലീസ് പിടികൂടി. ചിറയിൻകീഴ് മേൽ കടയ്ക്കാവൂർ പഴഞ്ചിറ പറകുന്ന് വീട്ടിൽ അബിൻ കുമാറാണ് ( 26,കൊച്ചമ്പു ) അറസ്റ്റിലായത്.
പറകുന്ന് കോളനിയിലുള്ള യുവജന കേന്ദ്രത്തിന്റെ വാതിലും ഉപകരണങ്ങളും അടിച്ചുതകർക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ ബിയർ കുപ്പി പൊട്ടിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം രക്ഷപ്പെട്ട ഇയാളെ കടയ്ക്കാവൂർ സ്റ്റേഷനിലെ പ്രത്യേക അന്വേഷണസംഘമാണ് പിടികൂടിയത്. 19ന് രാത്രി 8ന് നടന്ന സംഭവത്തിനുശേഷം പ്രതി ഒളിവിൽ പോകുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 11ഓടെ ഡ്രസും ബാഗുമെടുത്ത് തമിഴ്നാട്ടിലേക്ക് രക്ഷപ്പെടുന്നതിനായി വീട്ടിലെത്തിയപ്പോൾ വീട് വളഞ്ഞാണ് പ്രതിയെ പിടികൂടിയത്.
പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും സാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു. കടയ്ക്കാവൂർ,അഞ്ചുതെങ്ങ് സ്റ്റേഷനുകളിൽ കൊലപാതക ശ്രമം,ആയുധം ഉപയോഗിച്ച് ആക്രമിക്കൽ,സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം,അടിപിടി,പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപദ്രവിച്ച കേസ്,മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ നിരവധി കേസുകളിൽ അബിൻ കുമാർ പ്രതിയാണ്. ഈ കേസുകളിൽ നിരവധി തവണ ജയിൽശിക്ഷയും അനുഭവിച്ചിട്ടുണ്ട്. ഓരോ തവണയും ജാമ്യത്തിലിറങ്ങിയ ശേഷം പ്രതി കുറ്റകൃത്യങ്ങൾ ചെയ്യുന്നത് പതിവാണ്.
സർക്കാർ വസ്‌തുവകകൾ കൈയേറി നശിപ്പിച്ചതിനാണ് ഇപ്പോൾ അറസ്റ്റുചെയ്‌തത്. കടയ്‌ക്കാവൂർ എസ്.എച്ച്.ഒ സജിൻ ലൂയിസിന്റെ നേതൃത്വത്തിൽ എസ്.ഐ സജിത്ത്, എ.എസ്.ഐമാരായ ശ്രീകുമാർ,ജയപ്രസാദ്,ഷാഫി,സി.പി.ഒമാരായ സുജിൽ,അനിൽകുമാർ,മനോജ്,ഇന്ദ്രജിത്ത്,സജു എന്നിവരുൾപ്പെട്ട പ്രത്യേക അന്വേഷണസംഘം പിടികൂടിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

Leave a comment