കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്‍റര്‍ സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 12കാരി മരിച്ചു. ഇതോടെ മരണസംഖ്യ മൂന്നായി

30-10-2023

കൊച്ചി: കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്‍റര്‍ സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 12കാരി മരിച്ചു. മലയാറ്റൂര്‍ സ്വദേശി ലിബിനയാണ് മരിച്ചത്. ഇതോടെ മരണസംഖ്യ മൂന്നായി. 95 ശതമാനം പൊള്ളലേറ്റ് വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു ലിബിന. ഇന്ന് പുലര്‍ച്ചെ 12.40 നാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്.

അപകടത്തെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ 9.51 നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിക്ക് ആവശ്യമായ ചികിത്സകള്‍ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം നല്‍കിയിരുന്നു. പിന്നീട്, മരുന്നുകളോട് പ്രതികരിക്കാതെ വന്നതോടെ ഇന്ന് (തിങ്കളാഴ്ച) പുലര്‍ച്ചെയാണ് കുട്ടി മരണപ്പെട്ടത്.

എറണാകുളം കുറുപ്പംപടി സ്വദേശി ലയോണ പൗലോസ് (60), തൊടുപുഴ സ്വദേശിയായ കുമാരി (53) എന്നിവരാണ് മരിച്ച മറ്റു രണ്ടുപേര്‍. 25ഓളം പേര്‍ ചികിത്സയിലാണ്. സ്‌ഫോടനത്തില്‍ ആദ്യം മരിച്ച ലയോണ പൗലോസിനെ ഇന്നലെ വൈകിട്ടോടെയാണ് തിരിച്ചറിഞ്ഞത്. കുമാരിയെ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു.

ലയോണയെ കാണാത്തതിനെ തുടര്‍ന്ന് ബന്ധു പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് രാത്രി വൈകി മൃതദേഹം തിരിച്ചറിഞ്ഞത്. ലയോണ ഒറ്റയ്ക്കാണ് കണ്‍വെന്‍ഷന് എത്തിയത്. ഇവരുടെ കൈയിലെ മോതിരം കണ്ടാണ് ബന്ധു തിരിച്ചറിഞ്ഞത്. വിദേശത്തുള്ള മകള്‍ എത്തി മൃതദേഹം തിരിച്ചറിഞ്ഞശേഷം മാത്രമേ മൃതദേഹം വിട്ടുകൊടുക്കൂ. അടുത്ത ബന്ധുക്കള്‍ സ്ഥലത്ത് ഇല്ലാത്തതാണ് മൃതദേഹം തിരിച്ചറിയാന്‍ വൈകിയത്.

ഞായറാഴ്ച രാവിലെ 9.40 ഓടു കൂടി കളമശ്ശേരി നെസ്റ്റിന് സമീപമുള്ള കണ്‍വെന്‍ഷന്‍ സെന്ററിന്റെ അകത്താണ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ കടവന്ത്ര സ്വദേശി കീഴടങ്ങിയിരുന്നു. ഇയാള്‍ നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started