29-10-2023

കളമശേരി: കളമശേരി ബോംബ് സ്ഫോടനത്തിൽ മരണസംഖ്യ രണ്ടായി ഉയർന്നു. ചികിത്സയിലായിരുന്ന തൊടുപുഴ സ്വദേശിനി കുമാരിയാണ് മരിച്ചത്. 53 വയസായിരുന്നു. സ്ഫോടനത്തിൽ കുമാരിയ്ക്ക് 90 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. അതേസമയം രാവിലെ മരിച്ച സ്ത്രീയെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല
പൊള്ളലേറ്റവർ ചികിത്സയിലുള്ള ആശുപത്രികളില്‍ കര്‍ശന നിയന്ത്രണമേർപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചിരുന്നു.കളമശേരി സ്‌ഫോടനത്തില്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് സെക്കന്‍ററിതലത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മെഡിക്കല്‍ ബോര്‍ഡിന്‍റെ നിര്‍ദേശ പ്രകാരമാണ് സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പൊള്ളലേറ്റവര്‍ക്ക് അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് നിയന്ത്രണം
വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന് 14 അംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍, കോട്ടയം, തൃശൂര്‍, കളമശേരി മെഡിക്കല്‍ കോളേജുകള്‍, ആരോഗ്യ വകുപ്പ് എന്നിവിടങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്നതാണ് മെഡിക്കല്‍ ബോര്‍ഡ്.
എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ആരോഗ്യ വകുപ്പ് കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 04842360802, 7907642736
ഇന്ന് രാവിലെ കളമശേരിയിലെ യഹോവ സാക്ഷി പ്രാർഥനാ യോഗത്തിനിടെയാണ് കൺവെൻഷൻ സെന്‍ററിൽ സ്ഫോടനമുണ്ടായത്. സംഭവത്തിൽ 52 പേർക്ക് പരിക്കേറ്റിട്ടുണ്ട്. 90 ശതമാനത്തിലധികം പൊള്ളലേറ്റ പന്ത്രണ്ട് വയസ്സുകാരന്‍റെ നില ഗുരുതരമായി തുടരുകയാണ്.
സംഭവത്തിന് പിന്നാലെ ബോംബ് സ്ഫോടനത്തിന് പിന്നിൽ താനാണെന്ന് അവകാശപ്പെട്ട് പോലീസിൽ കീഴടങ്ങിയ മാർട്ടിനെ കളമശേരി എആർ ക്യാമ്പിൽ ചോദ്യം ചെയ്തുവരികയാണ്. ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് താനാണ് കുറ്റം ചെയ്തത് എന്ന് ഇയാൾ പറഞ്ഞത്. സ്ഫോടനം നടത്തിയത് യഹോവ സാക്ഷികളോടുള്ള എതിര്‍പ്പ് മൂലമാണെന്നും 16 വര്‍ഷമായി യഹോവ സാക്ഷികളില്‍ അംഗമാണെന്നുമാണ് ഇയാൾ പറയുന്നത്. സംഭവത്തിന് പിന്നാലെ കൊടകര സ്റ്റേഷനിലാണ് ഇയാൾ കീഴടങ്ങിയത്. എന്നാൽ ഇയാളാണ് പ്രതിയെന്ന് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.

Leave a comment