സുരേഷ് ഗോപി മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ വ്യാപക വിമർശനം

28-10-2023

കോഴിക്കോട്: മാധ്യമപ്രവർത്തകയുടെ പരാതിയിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്തുവെന്ന പരാതിയിൽ കോഴിക്കോട് നടക്കാവ് പോലീസ് ഐപിസി 354 എ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. സ്റ്റേഷൻ ജാമ്യം ലഭിക്കാത്തതാണ് വകുപ്പ്. വാർത്താ റിപ്പോർട്ടിങ്ങിനിടെ സുരേഷ് ഗോപി മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് നടപടി.

സുരേഷ് ഗോപിക്കെതിരെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്കാണ് മാധ്യമപ്രവർത്തക പരാതി നൽകിയിരുന്നത്. പരാതി തുടർനടപടികൾക്കായി നടക്കാവ് പോലീസിന് കൈമാറുകയായിരുന്നു. സംഭവത്തിൽ വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പോലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. മാപ്പുകൊണ്ട് അവസാനിക്കുന്ന പ്രശ്നമല്ലെന്നും മാധ്യമപ്രവർത്തകയെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ അറിയിച്ചു.

സംഭവത്തിൽ ക്ഷമ ചോദിച്ച് സുരേഷ് ഗോപി ഫേസ്ബുക്കിലൂടെ രംഗത്തെത്തിയെങ്കിലും മാപ്പായി പരിഗണിക്കാൻ കഴിയില്ലെന്നു മാധ്യമപ്രവർത്തക പ്രതികരിച്ചിരുന്നു. സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് കുറിപ്പ് വിശദീകരണമായി മാത്രമേ കാണാനാകു എന്നുമാണ് മാധ്യമപ്രവർത്തക നിലപാടെടുത്തത്.

കോഴിക്കോടുവെച്ച് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് സുരേഷ് ഗോപി മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയത്. ചോദ്യംചോദിച്ച മാധ്യമപ്രവർത്തകയുടെ തോളിൽ കൈവെച്ച് സംസാരിക്കുകയായിരുന്നു. സുരേഷ് ഗോപിയുടെ പ്രവൃത്തിയിൽ അസ്വസ്ഥത പ്രകടിപ്പിച്ച മാധ്യമപ്രവർത്തക കൈ തട്ടിമാറ്റുകയും ചെയ്തു. സംഭവത്തെ അപലപിച്ച് പത്രപ്രവർത്തക യൂണിയനടക്കം രംഗത്തെത്തിയിരുന്നു. വനിതാ കമ്മീഷന് പരാതി നൽകുമെന്നും പത്രപ്രവർത്തക യൂണിയൻ അറിയിച്ചിരുന്നു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started