28-10-2023

തിരുവനന്തപുരം: രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ സർവീസ് ആരംഭിച്ചതോടെ കേരളത്തിൽ ട്രെയിനുകൾ വൈകിയോടുന്നതും പിടിച്ചിടുന്നതും പതിവായതോടെ സംസ്ഥാനത്തെ എട്ട് ട്രെയിനുകൾക്ക് അധിക കോച്ച് അനുവദിച്ച് റെയിൽവേ. ഈ മാസം 31ഓടെ അധിക കോച്ചുകൾ ലഭ്യമാകും.
കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന തിരുവനന്തപുരം – എറണാകുളം വഞ്ചിനാട് എക്സ്പ്രസ്, എറണാകുളം – കണ്ണൂർ ഇൻ്റർസിറ്റി എക്സ്പ്രസ്, കണ്ണൂർ – ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്, ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്, കണ്ണൂർ – എറണാകുളം ഇൻ്റർസിറ്റി എക്സ്പ്രസ്, എറണാകുളം – തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ്, വേണാട് എക്സ്പ്രസ് എന്നീ ട്രെയിനുകൾക്കാണ് അധികമായി അൺറിസർവ്ഡ് കോച്ചുകൾ റെയിൽവേ അനുവദിച്ചത്.
അധിക കോച്ച് അനുവദിച്ചെങ്കിലും നിലവിലെ യാത്രാ ദുരിതം പരിഹരിക്കാനാകില്ലെന്ന് യാത്രക്കാർ പറഞ്ഞു. എല്ലാ ട്രെയിനുകളിലും സെക്കൻഡ് ക്ലാസ് യാത്രാ കോച്ചുകളാണ് അധികമായി ചേർത്തിരിക്കുന്നത്. ഇതിനൊപ്പം ഒരു കോച്ച് കൂടി ലഭിച്ചാൽ പോലും നിലവിലെ പ്രശ്നം പരിഹരിക്കാനാകില്ലെന്നാണ് യാത്രക്കാർ വ്യക്തമാക്കുന്നത്.
സംസ്ഥാനത്ത് രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ സർവീസുകൾ ആരംഭിച്ചതോടെ യാത്രക്കാർ കൂടുതലായി ആശ്രയിക്കുന്ന വിവിധ ട്രെയിനുകൾ പിടിച്ചിടുന്നതും വൈകിയോടുന്നതും പതിവാണ്. വന്ദേ ഭാരത് ട്രെയിനുകൾക്ക് കടന്നുപോകുന്നതിനാണ് ഈ നിയന്ത്രണം തുടരുന്നത്. ഇതിനെതിരെ യാത്രക്കാരിൽ നിന്ന് വ്യാപകമായ എതിർപ്പുയർന്നിരുന്നു. ഈ സാഹചര്യത്തിൽ റെയിൽവേ പുതിയ ടൈംടേബിൾ പുറത്തിറക്കുമെന്ന് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ വ്യക്തമാക്കിയിരുന്നു.
കേരളത്തിലേക്ക് ഒരു വന്ദേ ഭാരത് ട്രെയിൻ കൂടി റെയിൽവേ കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. കർണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചാണ് പുതിയ വന്ദേ ഭാരത് സർവീസ് നടത്തുക. ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്കും അവിടെ നിന്ന് എറണാകുളത്തേക്കുമാണ് വന്ദേ ഭാരത് സർവീസ് നടത്തുകയെന്ന് റെയിൽവേ അറിയിച്ചു.

Leave a comment