28-10-2023

കണ്ണൂർ: ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിലെത്തിയ പിഞ്ചുകുഞ്ഞിന്റെ തൊണ്ടയിൽ കരിവണ്ട്. തലശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് കുട്ടിയുമായി രക്ഷിതാക്കൾ എത്തിയത്. എട്ട് മാസം പ്രായമായ കുട്ടിക്കാണ് ശ്വാസതടസം നേരിട്ടത്. ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തിച്ച കുഞ്ഞിന് നൽകിയ പ്രാഥമിക ചികിത്സയിൽ മാറ്റം വരാത്തതിനാൽ എൻഡോസ്കോപ്പി ചെയ്യുകയായിരുന്നു. അപ്പോഴാണ് കൊമ്പൻചെല്ലി വണ്ട് തൊണ്ടയിൽ കുടുങ്ങിയത് മനസ്സിലാക്കിയത്. അപ്പോൾ തന്നെ ആശുപത്രിയിലെ എമർജൻസി വിഭാഗവും കുട്ടികളുടെ വിഭാഗവും ഇഎൻടി വിഭാഗവും സംയുക്തമായി ഇടപെട്ട് കുട്ടിയുടെ തൊണ്ടയിൽ നിന്നും വണ്ടിനെ പുറത്തെടുത്ത് അത്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടി ആശുപത്രിയിൽ സുഖംപ്രാപിച്ചു വരുന്നു. ചികിത്സ വൈകിയിരുന്നെങ്കിൽ കുട്ടിയുടെ നില ഗുരുതരമാകുമായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു.

Leave a comment