28-10-2023

കിളിമാനൂർ : പരിമിത സൗകര്യങ്ങളിൽ പ്രവർത്തിക്കുന്ന കിളിമാനൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയുടെ നവീകരണം കാത്ത് യാത്രക്കാരും ജീവനക്കാരും. പൊട്ടിപ്പൊളിഞ്ഞ യാർഡും ശൗചാലയത്തിലെ സൗകര്യക്കുറവും, അശാസ്ത്രീയമായ ബസ് ബേ തുടങ്ങി നിരവധി സങ്കീർണതകളിലാണ് ഡിപ്പോയുടെ പ്രവർത്തനം.
തിരുവനന്തപുരത്തിനും കൊട്ടാരക്കരയ്ക്കുമിടയിൽ മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന ഡിപ്പോ പിന്നീട് അവഗണിക്കപ്പെടുകയായിരുന്നു. വർഷങ്ങൾക്ക് മുൻപ് നവീകരണം നടത്തിയ യാർഡ് പൊട്ടിപ്പൊളിഞ്ഞ് വൻകുഴികളായി കഴിഞ്ഞു. യാർഡ് നവീകരണത്തിനായി മൂന്ന് തവണ ടെൻഡർ നടപടികൾ സ്വീകരിച്ചിട്ടും കരാറെടുക്കാനാളില്ലാത്തതിനാൽ നവീകരണം നീളുകയാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ബി.സത്യൻ എം.എൽ.എ. യുടെ ഫണ്ടിൽനിന്ന് 18.47 ലക്ഷം ചെലവിട്ട് 2020 ഒക്ടോബറിൽ നിർമാണം തുടങ്ങിയതാണ് കെ.എസ്.ആർ.ടി.സി.യിലെ ടോയ്‌ലറ്റ് ബ്ലോക്ക്. നിർമാണം ഭൂരിഭാഗവും പൂർത്തിയായിട്ടുണ്ട്. എന്നാൽ നാമമാത്രമായി അവശേഷിക്കുന്ന പണികൾ പൂർത്തിയാക്കി ഇതുവരെ തുറന്നു നൽകാൻ അധികൃതർക്കായിട്ടില്ല.
നിർമാണത്തിലെ പിഴവ് മൂലം ബസ് കാത്തു നിൽക്കുന്നവർക്ക് ഡിപ്പോയ്ക്കുള്ളിലേക്കെത്തുന്ന ബസിന്റെ ബോർഡ് നോക്കി ബസിൽ കയറാൻ കഴിയുന്നില്ല. പെരുമഴ പെയ്യുമ്പോഴും കാത്തിരിപ്പിടത്തിന് പുറത്തിറങ്ങി നോക്കിയാലേ ഏത് ഭാഗത്തേയ്ക്കുള്ള ബസ് എന്നത് ഉറപ്പിക്കാനാകൂ. ദീർഘനാളായി ഈ പരാതി ഉയർന്നിട്ടും നാളിതുവരെ ഇതിന് പരിഹാരമായിട്ടില്ല. പരിമിതികൾ പരിഹരിക്കുമെന്നും, കെ.എസ്.ആർ.ടി.സി. ഡിപ്പോ വികസനത്തിലേക്ക് കുതിക്കുമെന്നുള്ള ഉറപ്പ് അധികൃതരിൽ നിന്ന് കിട്ടിത്തുടങ്ങിയിട്ട് ഏറെക്കാലമായി. യാർഡ് നവീകരണം, നിർമാണം പൂർത്തിയായ ശൗചാലയ ബ്ലോക്ക് തുറന്നു നൽകുന്നതടക്കം അടിസ്ഥാന ആവശ്യങ്ങളെങ്കിലും പരിഹരിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.
ഡിപ്പോ നവീകരിക്കും- എം.എൽ.എ.
കിളിമാനൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോ നവീകരണത്തിനായി സർക്കാർ ബജറ്റ് വിഹിതമായി ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്.
പദ്ധതിയുടെ രൂപരേഖ അവസാന ഘട്ടത്തിലാണ്. നിലവിലെ പ്രശ്നങ്ങൾ പരിഹരിച്ച് യാത്രക്കാർക്കും ജീവനക്കാർക്കും ആവശ്യമായ സൗകര്യങ്ങൾ പുതിയ നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തും.

Leave a comment