പനിബാധിച്ച് ചികിത്സതേടി ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണത്തിൽ വർധനവ്

28-10-2023

തിരുവനന്തപുരം : പനിബാധിച്ച് ചികിത്സതേടി ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണത്തിൽ വർധനവ്. ദിവസവും ശരാശരി ആയിരത്തോളം പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സതേടുന്നത്. സർക്കാർ ആശുപത്രികളിൽ ഈ മാസം 27 വരെ 20176 പേരാണ് പനിക്ക്‌ ചികിത്സതേടിയത്. കൊതുകുനിവാരണ പ്രവർത്തനങ്ങളിലെയും മഴക്കാലപൂർവ ശുചീകരണത്തിലെയും അപാകതയാണ് പനിബാധിതരുടെ എണ്ണത്തിൽ വർധനവുണ്ടാക്കിയിരിക്കുന്നത്. ഡെങ്കിപ്പനിക്ക്‌ എതിരേ ജാഗ്രത പാലിക്കണമെന്ന അറിയിപ്പ് മാത്രമാണ് ഇടയ്ക്കിടെ ജില്ലാ ആരോഗ്യവിഭാഗം പുറത്തിറക്കുന്നത്. 

വൈറൽ പനിക്കൊപ്പം ഡെങ്കിയും എലിപ്പനിയും വ്യാപിക്കുകയാണ്. ഡെങ്കിപ്പനി ഏറെയും സ്ഥിരീകരിച്ചിരിക്കുന്നത് കോർപ്പറേഷൻ വാർഡുകളിലാണ്. ഈ മാസം ഇതുവരെ 176 പേർക്കാണ് ജില്ലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഒരു മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. 369 പേർക്ക് ഡെങ്കിപ്പനി സംശയിക്കുന്നതായും ആരോഗ്യ വകുപ്പിന്റെ കണക്കിൽ വ്യക്തമാക്കുന്നു. വട്ടിയൂർക്കാവ്, നെട്ടയം, ശാസ്തമംഗലം, തിരുമല, ചാക്ക, കരമന, പൂജപ്പുര, നാലാഞ്ചിറ, പൗണ്ട് കടവ്, കരിക്കകം, കൊല്ലയിൽ, ബാലരാമപുരം, നെയ്യാറ്റിൻകര, പുത്തൻതോപ്പ്, ആറ്റിങ്ങൽ, മാണിക്കൽ, പരശുവയ്ക്കൽ, കുന്നത്തുകാൽ, പാങ്ങപ്പാറ തുടങ്ങിയ പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. 

51 പേർക്ക് ഈ മാസം ഇതുവരെ എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. വലിയതുറ, പൂന്തുറ, കരമന, പരശുവയ്ക്കൽ, കിഴുവിലം, വർക്കല, പാങ്ങപ്പാറ, മണക്കാട്, വള്ളക്കടവ് എന്നിവിടങ്ങളിലാണ് എലിപ്പനി രോഗികളുള്ളത്. കൂടാതെ അതിസാരം, മഞ്ഞപ്പിത്തം തുടങ്ങിയ പകർച്ചവ്യാധികളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. 

തുടർച്ചയായ മഴയും വെള്ളക്കെട്ടും രോഗികളുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടാക്കും. 

ദിവസങ്ങളായി നഗരത്തിൽ പലയിടവും വെള്ളക്കെട്ട് ഭീഷണിയിലാണ്. കൊതുക്, ജന്തുജന്യരോഗങ്ങൾക്കുള്ള മുൻകരുതലും ഈ പ്രദേശങ്ങിൽ നടത്തിയിട്ടില്ല.

ഫ്രിഡ്ജിനു പുറകിലെ ട്രേ, ചെടിച്ചട്ടിയുടെ അടിയിൽ വച്ചിരിക്കുന്ന പാത്രങ്ങൾ, വെള്ളത്തിൽ വളർത്തുന്ന അലങ്കാരച്ചെടി പാത്രങ്ങൾ, ഉപയോഗിക്കാത്ത ക്ലോസറ്റ് എന്നിവിടങ്ങളിൽ കൊതുകിന്റെ കൂത്താടികൾ വളരുന്നില്ലെന്ന് ഉറപ്പാക്കണം. 

ഉപയോഗശൂന്യമായ പാത്രം, ചിരട്ട, കുപ്പി, ടയർ, ആട്ടുകല്ല്, ഉരൽ, ക്ലോസറ്റുകൾ, വാഷ്‌ബേസിനുകൾ തുടങ്ങിയവ അലക്ഷ്യമായി വലിച്ചെറിയരുത്. 

ടെറസ്, സൺഷേഡ്, മഴമറയായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ് തുടങ്ങിയവയിൽ വെള്ളം കെട്ടിനിൽക്കാതെ സൂക്ഷിക്കുക, വെള്ളം ശേഖരിക്കുന്ന പാത്രങ്ങളും ടാങ്കുകളും കൊതുകുകൾ കടക്കാത്തവിധം അടച്ചുവയ്ക്കുക.

കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക, ശരീരം മൂടുന്നവിധത്തിൽ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക, ജനൽ-വാതിൽ എന്നിവയിൽ കൊതുകുവല ഘടിപ്പിക്കുക. 

ഒരു മരണംഎലിപ്പനിബാധിതർ 51ഡെങ്കിപ്പനിബാധിതർ 176


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started