28-10-2023

തിരുവനന്തപുരം:റാമ്പിലെ ചുവടുകൾ ഇതുവരെ കണ്ടിട്ടില്ലാത്ത വേറിട്ട രീതികളും ആശയങ്ങളുമായി കേരളീയത്തിന്റെ സ്വന്തം ഫാഷൻ ഷോ നാളെ(ഒക്‌ടോബർ 29).
കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് ആറുമുതൽ നടക്കുന്ന ‘കേരള എലഗൻസ് ഷോ’യിൽ കേരളത്തിന്റെ തനത് ആഭരണ-വസ്ത്ര രീതികളുൾപ്പെടുത്തിയും കേരളസമൂഹത്തിന്റെ വൈവിധ്യങ്ങളുടെ അഭിമാന നിറങ്ങളണിഞ്ഞും മോഡലുകൾ മുതൽ കുഞ്ഞുങ്ങൾ വരെ ചുവടു വയ്ക്കും.
നിശാഗന്ധിയിലെ റാമ്പിൽ വീൽചെയറിൽ എത്തുന്ന ഭിന്നശേഷിക്കാരും ഹരിതകർമസേനാംഗങ്ങളും ആരോഗ്യപ്രവർത്തകരും കേരള എലഗെന്റ് ഷോയിലെ സവിശേഷകാഴ്ചയാകും.
കൈത്തറി വസ്ത്രങ്ങളിൽ കേരളത്തിന്റെ സംസ്‌കാരം, ചരിത്രം എന്നിവ ഉൾപ്പെടുത്തിയാവും അംഗങ്ങൾ ചുവടുവയ്ക്കുന്നത്. കശുവണ്ടി,കയർ, സുഗന്ധദ്രവ്യങ്ങൾ,കൈത്തറി എന്നിവ ഉൾപ്പെടുത്തിയുള്ള വസ്ത്രധാരണ -ആഭരണ മാതൃകകൾ കേരളത്തിന്റെ തനിമയും സുഗന്ധവും പ്രകൃതിയും ജീവിതവും റാമ്പിൽ പ്രതിഫലിപ്പിക്കും.
വിദ്യാ കിരണം പദ്ധതിയെ പ്രതിനിധീകരിച്ച് കോട്ടൺ ഹിൽ സ്‌കൂളിലെ വിദ്യാർഥിനികൾ,ആർദ്രം പദ്ധതിയുടെ ഭാഗമായി ആരോഗ്യ പ്രവർത്തകർ,മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ഹരിതകർമസേന അംഗങ്ങൾ എന്നിവർ വേദിയിലെത്തും.പരിപാടിയുടെ ഭാഗമായി അക്കാദമിക വിദഗ്ധയും ഗായികയും സംഗീതസംവിധായികയുമായ സുമംഗല ദാമോദരന്റെ
മ്യൂസിക് ഷോയും അരങ്ങേറും.സരോദ് വിദഗ്ധൻ പ്രിതം ഘോഷാൽ,ഗിറ്റാറിസ്റ്റ് മാർക്ക് അരാന എന്നിവർ സംഗീത പരിപാടിക്ക് അകമ്പടിയേകും.അഖിൽ കെ.ഉദയ് ആണ് കേരള എലഗെന്റ് ഷോയുടെ ക്യൂറേറ്റർ.

Leave a comment