28-10-2023

കൊച്ചി: ഗോവയിൽ നടക്കുന്ന 37-ാമത് ദേശീയ ഗെയിംസിൽനിന്ന് വോളിബോൾ ഒഴിവാക്കിയതിൽ ഇന്ത്യൻ ഒളിംപിക്‌സ് അസോസിയേഷന് കേരള ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. തർക്കം ഉണ്ടെന്ന് പറഞ്ഞ് വോളിബോൾ ഒഴിവാക്കിയത് എന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു. വോളിബോളിനെ നശിപ്പിക്കാനാണോ ശ്രമം?. നിങ്ങളുടെ തമ്മിൽ തല്ലാണ് ഏറ്റവും വലിയ ദുരന്തമെന്നും കോടതി തുറന്നടിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണ് വിമർശനം
ദേശീയ ഗെയിംസിൽ വോളിബോളിന് പ്രാധാന്യമില്ലെന്നാണോ സംഘാടകർ കരുതുന്നതെന്നും ഹൈക്കോടതി ചോദിച്ചു. നാല് വോളിബോൾ താരങ്ങളും കോച്ചുമാരും നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. ദേശീയ ഗെയിംസിൽനിന്ന് വോളിബോൾ ഒഴിവാക്കിയ അഡ്ഹോക് കമ്മിറ്റി തീരുമാനം നിയമവിരുദ്ധമാണെന്നും താരങ്ങളുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്നുമായിരുന്നു ഹർജിക്കാരുടെ പ്രധാന ആക്ഷേപം
അതേസമയം നടപടി വിവേചനപരവും താരങ്ങളുടെ അവകാശങ്ങളുടെ ലംഘനമാണെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു. ആനന്ദ്, അൽന രാജ്, റോലി പഥക് അടക്കമുള്ള താരങ്ങളാണ് സംഭവവുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചത്.
എന്നാൽ ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പ് നടക്കാത്തതിനാൽ മികച്ച എട്ട് ടീമുകളെ കണ്ടെത്താനായില്ലെന്നും അതിനാലാണ് വോളിബോൾ ഒഴിവാക്കിയതെന്നുമാണ് അഡ്ഹോക് കമ്മിറ്റി സ്വീകരിച്ച നിലപാട്. വോളിബോൾ ഫെഡറേഷനിലെ അധികാരത്തർക്കത്തെ തുടർന്ന് കേന്ദ്ര കായിക മന്ത്രാലയം നിയോഗിച്ച അഡ്ഹോക്ക് കമ്മിറ്റിക്ക് ടീമുകളെ തിരഞ്ഞെടുക്കാൻ സമയം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വോളിബോൾ ഒഴിവാക്കിയത്.


Leave a comment