രാജ്യത്ത് വീണ്ടും സ്കൈ ബസ് സർവീസ് സാധ്യതകൾ ചർച്ചയാകുന്നു

24-10-2023

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും സ്കൈ ബസ് സർവീസ് സാധ്യതകൾ ചർച്ചയാകുന്നു. രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തെ അഞ്ച് നഗരങ്ങളിലേക്ക് സ്കൈ ബസ് എത്തിയേക്കും. കേന്ദ്ര ഗതാഗത മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നേരത്തെ പൂനെയിൽ പൊതുചടങ്ങിൽ സംസാരിക്കുന്നതിനിടയിലും ഷാർജ സന്ദർശിച്ചശേഷവും മന്ത്രി നിതിൻ ഗഡ്കരിയും ഇക്കാര്യം പറഞ്ഞിരുന്നു.

പൂനെ, വാരണാസി, ഹൈദരാബാദ്, ഗുരുഗ്രാം, ഗോവ എന്നിവിടങ്ങളിൽ സ്‌കൈ ബസ് ഓടിക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര ഗതാഗത മന്ത്രാലയം. ഈ വർഷം തന്നെ ഗോവയിൽ ട്രയൽ റൺ നടത്താനാകുമെന്നാണ് പ്രതിക്ഷിക്കുന്നത്. മഡ്ഗാവിലാണ് സ്കൈ ബസ് സർവീസ് നടത്തുക. നേരത്തെ ഗോവയിൽ സ്കൈ ബസ് പദ്ധതിയുണ്ടായിരുന്നെങ്കിലും ട്രയൽ റൺ മാത്രമേ നടത്തിയിരുന്നുള്ളൂ.

മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന സർവീസായിരുന്നു ഗോവയിൽ ആസൂത്രണം ചെയ്തത്. എന്നാൽ ഒരു അപകടത്തിൽ എഞ്ചിനീയർ മരിച്ചതോടെ പദ്ധതി നിർത്തിവയ്ക്കുകയായിരുന്നു. പിന്നീട് 2016 ൽ ട്രാക്കുകളും പിയറുകളും നീക്കം ചെയ്തു. അന്ന് റെയിൽ മന്ത്രാലയത്തിന്‍റെ മേൽനോട്ടത്തിലായിരുന്ന ഈ പദ്ധതി പിന്നീട് റോഡ് ഗതാഗത മന്ത്രാലയത്തിന് കീഴിലാക്കുകയായിരുന്നു.

ആദ്യഘട്ടത്തിൽ അഞ്ച് നഗരങ്ങളിൽ ആരംഭിക്കുന്ന സ്കൈ ബസ് പദ്ധതി വിജയിച്ചാൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിലേക്കും സർവീസ് എത്തിയേക്കും. നഗരങ്ങളിൽ ട്രാഫിക് ബ്ലോക്ക് ഇല്ലാതെ അതിവേഗ യാത്ര സാധ്യമാകും എന്നതാണ് സ്കൈ ബസ് സർവീസിന്‍റെ പ്രധാന നേട്ടം. ഒരു ബോഗിയിൽ 300 പേർക്ക് ഇരിക്കാൻ കഴിയുന്ന വിധത്തിലാണ് സ്കൈ ബസുകളുടെ പ്രവർത്തനം.

നേരത്തെ പൂനെയിൽ മേൽപ്പാലം ഉദ്ഘാടന ചടങ്ങിനിടെ നഗരം സ്കൈ ബസുകളെക്കുറിച്ച് ചിന്തിക്കണമെന്ന് ഗഡ്കരി പറഞ്ഞിരുന്നു. സംസ്ഥാന സർക്കാരിനോട് ഇതിന്‍റെ സാധ്യതകൾ പരിശോധക്കണമെന്നും 250 പേരെ വഹിക്കാൻ ശേഷിയുള്ള സംവിധാനമാണ് സ്കൈ ബസ് എന്നുമായിരുന്നു വാക്കുകൾ. ഈ മാസം ആദ്യം ഷാർജയിൽ സ്‌കൈ ബസിന്‍റെ പരീക്ഷണ യാത്രയിലും നിതിൻ ഗഡ്കരി പങ്കെടുത്തിരുന്നു.

യുസ്‌ കൈ ടെക്‌നോളജിയുടെ പൈലറ്റ് സർട്ടിഫിക്കേഷൻ സന്ദർശിച്ച ശേഷമാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി സ്കൈ ബസിൽ പരീക്ഷണ യാത്ര നടത്തിയത്. സ്‌കൈ ടെക്‌നോളജി ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി യുസ്‌ കൈയുമായി ചേർന്ന് ഗഡ്കരി ചർച്ചകളും നടത്തിയിരുന്നു. നഗരവാസികൾക്ക് സുഗമമായ യാത്രാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം മലിനീകരണവും ഗതാഗതക്കുരുക്കും കുറയ്ക്കാൻ സ്കൈ ബസ് ഉപകാരപ്രദമാണെന്നായിരുന്നു അന്ന് ഗഡ്കരി പറഞ്ഞത്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started