21-10-2023

വിഴിഞ്ഞം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ കപ്പലിലെ ക്രെയിനുകളിൽ ഒരെണ്ണം ബർത്തിലിറക്കി. 30 മീറ്റർ ഉയരമുള്ള ഷോർ ക്രെയിനുകളിൽ ഒരെണ്ണമാണ് വെള്ളിയാഴ്ച ഇറക്കിയത്. ഇവയ്ക്കൊപ്പമുള്ള 100 മീറ്റർ ഉയരമുള്ള വലിയ ക്രെയിനും മറ്റൊരു ഷോർ ക്രെയിനും അടുത്ത ദിവസം ഇറക്കും. ക്രെയിനുകൾ ഇറക്കിയശേഷം കപ്പൽ 25-ഓടെ മടങ്ങും. ചൈനക്കാരായ കപ്പലിലെ ക്യാപ്റ്റനും സാങ്കേതികവിദഗ്‌ധനും കരയിലിറങ്ങാൻ അനുമതി ലഭിച്ചതോടെയാണ് ക്രെയിനുകൾ ഇറക്കാനായത്. എമിഗ്രേഷൻ, പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഇവർ കരയിലിറങ്ങിയത്.
30-ഓളം ചൈനീസുകാരാണ് കപ്പലിലുള്ളത്. ക്രെയിനുകൾ നിർമിച്ച ഷാങ്ഹായ് ഷെൻഹുവാ ഹെവി ഇൻഡസ്ട്രീസിന്റെ സാങ്കേതികവിദഗ്‌ധരും അദാനി ഗ്രൂപ്പിന്റെ ജീവനക്കാരും ചേർന്നാണ് ക്രെയിനുകൾ തുറമുഖത്തേക്കിറക്കിയത്. വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെയാണ് ക്രെയിൻ ഇറക്കുന്നതിനുള്ള പ്രവർത്തികൾ ആരംഭിച്ചത്. ഒമ്പതരയോടെ ക്രെയിൻ ബർത്തിലെത്തിച്ചു. ഈ മാസം 12-നാണ് കപ്പൽ തുറമുഖത്തെത്തിയത്. കാലാവസ്ഥ പ്രതികൂലമായതും സാങ്കേതികാനുമതികൾ ലഭിക്കാത്തതുമാണ് ക്രെയിൻ ഇറക്കൽ വൈകിച്ചത്. 100 മീറ്റർ ഉയരമുള്ള വലിയ ക്രെയിൻ ഇറക്കുന്നതിനു കൂടുതൽ സാങ്കേതിക സുരക്ഷ ആവശ്യമാണ്. കാലാവസ്ഥ അനുകൂലമായാലെ ഇതു സുരക്ഷിതമായി ബർത്തിലെത്തിക്കാനാവു.

Leave a comment