ശബരിമലയിലേക്ക് അലങ്കരിച്ച് എത്തുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ നിർദേശം നൽകി ഹൈക്കോടതി

18-10-2023

കൊച്ചി: ശബരിമലയിലേക്ക് അലങ്കരിച്ച് എത്തുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ നിർദേശം നൽകി ഹൈക്കോടതി. പൂക്കളും ഇലകളും വെച്ച് വാഹനങ്ങൾ അലങ്കരിക്കാൻ പാടില്ലെന്നും ഇത്തരത്തിലെത്തുന്ന വാഹനങ്ങൾക്കെതിരെ പിഴ ചുമത്താനും ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് നിർദേശിച്ചു. വാഹനങ്ങൾ അലങ്കരിച്ച് വരുന്നത് മോട്ടർ വാഹന ചട്ടങ്ങൾക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നിർദേശം.

സർക്കാർ ബോർഡ് വെച്ച് വരുന്ന തീർഥാടക വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. വിവിധ സ്ഥലങ്ങളിൽനിന്ന് ശബരിമലയിലേക്കുള്ള കെഎസ്ആർടിസി ബസുകൾ അടക്കം അലങ്കരിച്ചാണ് സർവീസ് നടത്താറുള്ളത്. എന്നാൽ ഇത്തരത്തിൽ യാതൊരു അലങ്കാരവും ഒരു വാഹനത്തിലും പാടില്ലെന്നും അഥവാ അലങ്കരിച്ചുവരുന്ന വാഹനങ്ങൾ ശ്രദ്ധയിൽപെട്ടാൽ ശക്തമായ നടപടി സ്വീകരിക്കണമെന്നുമാണ് ഹൈക്കോടതിയുടെ ഉത്തരവ്. നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാനും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.

അടുത്തമാസം മണ്ഡലകാലം ആരംഭിക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ സുപ്രധാന നിർദേശം ഉണ്ടായിരിക്കുന്നത്. കേരളത്തിനു പുറമേ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന തീർഥാടകരടക്കം വാഹനങ്ങൾ അലങ്കരിച്ചാണ് എത്താറുള്ളത്. ഇലകളും പൂക്കളും ഉൾപ്പെടെ ഉപയോഗിച്ചാണ് ഇത്തരത്തിൽ അലങ്കാരങ്ങൾ നടത്താറുണ്ട്. പമ്പയിലേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകളിലും സമാന അലങ്കാരങ്ങൾ നടത്താറുണ്ട്.

അതേസമയം തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ഇന്ന് രാവിലെ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. എറണാകുളം മൂവാറ്റുപുഴ പൊത്തില്ലത്ത് മനയിലെ പിഎൻ മഹേഷ് നമ്പൂതിരിയാണ് ശബരിമല മേൽശാന്തി. തൃശൂർ തൊഴിയൂർ പൂങ്ങാട്ട് മന പിജി മുരളി നമ്പൂതിരി മാളികപ്പുറം മേൽശാന്തിയാകും. പുലർച്ചെ നട തുറന്ന് പതിവ് പൂജകൾക്ക് ശേഷം ഉഷപൂജ കഴിഞ്ഞായിരുന്നു മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടന്നത്. ഇരു മേൽശാന്തിമാരും അടുത്ത ഒരു വർഷക്കാലം പുറപ്പെടാ ശാന്തിമാരായിരിക്കും.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started