തലസ്ഥാനത്ത് പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി കുത്തിക്കൊല്ലാന്‍ ശ്രമം

18-10-2023

തിരുവനന്തപുരം: തലസ്ഥാനത്ത് പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി കുത്തിക്കൊല്ലാന്‍ ശ്രമം. നേമം കാരയ്ക്കാമണ്ഡപത്ത് ഇന്നു രാവിലെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കാരയ്ക്കാമണ്ഡപം പത്തുമുറി ലൈനില്‍ രമ്യ രാജീവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ കഴുത്തുമുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച അക്രമിയായ വള്ളക്കടവ് സ്വദേശി ദീപക്കിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയ ദീപക്കിനോടൊപ്പം രമ്യ ഇറങ്ങിപ്പോകാത്തതിനെ തുടര്‍ന്നാണ് ആക്രമണം എന്നാണ് വിവരം.

രമ്യയും പ്രതി ദീപക്കും നാലുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. ബെംഗളൂരുവില്‍ നഴ്സിങ് പഠനം പൂര്‍ത്തിയാക്കിയ രമ്യ, നിലവില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരിയാണ്. രമ്യയെ വീട്ടില്‍നിന്ന് വിളിച്ചിറക്കി കൊണ്ടുപോകാനാണ് ദീപക് രാവിലെ വീട്ടിലെത്തിയത്. തന്നോടൊപ്പം ഇറങ്ങിവരണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടെങ്കിലും പെണ്‍കുട്ടി കൂട്ടാക്കിയില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നും പിന്നാലെ വീട്ടിലുണ്ടായിരുന്ന കത്തികൊണ്ട് യുവാവ് പെണ്‍കുട്ടിയെ കുത്തിപരിക്കേല്‍പ്പിച്ചെന്നുമാണ് പ്രാഥമിക വിവരം.

പെണ്‍കുട്ടിയുടെ കഴുത്തിനാണ് കുത്തേറ്റത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം. കൃത്യം നടത്തിയശേഷം കത്തികൊണ്ട് സ്വയം കഴുത്തുമുറിച്ച ദീപക്കും ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവസ്ഥലത്ത് പോലീസ് എത്തി വിവരങ്ങള്‍ ശേഖരിച്ചു. കൂടുതല്‍ അന്വേഷണം നടത്തിയ ശേഷമെ യഥാര്‍ത്ഥ സംഭവം എന്തെന്ന് പറയാനാവൂ എന്ന് പോലീസ് അറിയിച്ചു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started