സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ട്രാൻസ്മാൻ, ട്രാൻസ്‌വുമൺ എന്നിവർക്ക് വിവാഹം രജിസ്റ്റർ ചെയ്യാൻ നിലവിൽ പ്രശ്നമില്ലെന്ന് ചീഫ് ജസ്റ്റിസിന്റെ വിധിപ്രസ്താവം

17-10-2023

വിവാഹം എല്ലാക്കാലത്തും മാറ്റമില്ലാതെ തുടരുന്ന ഒരു സ്ഥാപനമാണെന്ന് പറയുന്നത് അബദ്ധമായിരിക്കുമെന്ന് സ്വവർഗ്ഗ വിവാഹം അനുവദിക്കുന്നത് സംബന്ധിച്ച കേസിൽ തന്റെ വിധി വായിക്കവെ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് പറഞ്ഞു. വിവാഹമെന്ന സ്ഥാപനത്തിൽ നിരവധി മാറ്റങ്ങൾ നിയമംമൂലം വരുത്തിയിട്ടുണ്ട്. സ്പെഷ്യൽ മാര്യേജ് നിയമത്തിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ അക്കാര്യം നിശ്ചയിക്കേണ്ടത് പാർലമെന്റാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സ്പെഷ്യൽ മാര്യേജ് നിയമങ്ങളിൽ മാറ്റം വരുത്താൻ പാർലമെന്റ് തീരുമാനമെടുക്കണമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ട്രാൻസ്മാൻ, ട്രാൻസ്‌വുമൺ എന്നിവർക്ക് വിവാഹം രജിസ്റ്റർ ചെയ്യാൻ നിലവിൽ പ്രശ്നമില്ലെന്ന് ചീഫ് ജസ്റ്റിസിന്റെ വിധിപ്രസ്താവം വ്യക്തമാക്കി. ഒരു ട്രാൻസ്ജെൻഡർ വ്യക്തിക്ക് എതിർ‌ലിംഗപദവിയുള്ള ഒരാളുമായി വിവാഹം രജിസ്റ്റർ ചെയ്യാനും പ്രശ്നമില്ല. രണ്ട് ക്വിയർ വ്യക്തികൾ ഒരുമിക്കുന്നത് തടയുമ്പോൾ അവരുടെ വ്യക്തിസ്വാതന്ത്ര്യത്തിലാണ് ഭരണകൂടം ഇടപെടുന്നതെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

ജുവനൈൽ ജസ്റ്റിസ് ആക്ട് അവിവാഹിതരായ ദമ്പതിമാർക്ക് കുഞ്ഞുങ്ങളെ ദത്തെടുക്കുന്നതിൽ നിന്ന് തടയുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. മാത്രവുമല്ല, ഇത്തരം ദമ്പതിമാർ കുഞ്ഞുങ്ങളെ ദത്തെടുക്കുന്നത് തടയുന്നത് കുഞ്ഞുങ്ങളുടെ ക്ഷേമത്തിനും താൽപ്പര്യത്തിനും ഉതകുന്നതാണെന്ന് ഇന്ത്യാ സർക്കാരിന് തെളിയിക്കാനും കഴിഞ്ഞിട്ടില്ല. കാര്യങ്ങൾ ഇങ്ങനെയാണെന്നിരിക്കേ, അവിവാഹിതരായ ദമ്പതിമാരെ ദത്തെടുക്കുന്നതിൽ നിന്ന് തടഞ്ഞ കേന്ദ്ര ഏജൻസിയുടെ നടപടി അധികാരപരിധി കവിഞ്ഞ പ്രവൃത്തിയാണെന്ന് ചീഫി ജസ്റ്റിന് നിരീക്ഷിച്ചു.

പിന്തുടർച്ചാവകാശത്തിലോ വ്യക്തിനിയമങ്ങളിലോ ഇടപെടാൻ കഴിയില്ലെന്നും സ്പെഷ്യൽ മാര്യേജ് ആക്ടിൽ എന്തെങ്കിലും സാധ്യതയുണ്ടോയെന്ന് പരിശോധിക്കുകയേ ചെയ്യൂവെന്നും കഴിഞ്ഞദിവസം ചന്ദ്രചൂഢ് സൂചന നൽകിയിരുന്നു. സ്പെഷ്യൽ മാര്യേജ് ആക്ടിലും, ഫോറിനേഴ്സ് മാര്യേജ് ആക്ടിലും സ്വവർഗ്ഗവിവാഹം അംഗീകരിക്കുന്ന വ്യവസ്ഥകൾ ചേർക്കണമെന്നതാണ് ഹരജിക്കാരുടെ ആവശ്യങ്ങളിലൊന്ന്.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചാണ് കേസ് വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ എസ്‌കെ കൗൾ, എസ്ആർ ഭട്ട്, ഹിമ കോഹ്‌ലി, പിഎസ് നരസിംഹ എന്നിവരടങ്ങുന്ന ഭരണഘടനാ ബ‍ഞ്ചാണ് വാദം കേട്ടത്.

വിവാഹത്തിന് നിയമസാധുത തേടി നിരവധി സ്വവർഗ്ഗ പങ്കാളികൾ നൽകിയ ഹ‍ർജികളിലാണ് സുപ്രീംകോടതി പത്തുദിവസം വാദം കേട്ടത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ എസ്‌കെ കൗൾ, എസ്ആർ ഭട്ട്, ഹിമ കോഹ്‌ലി, പിഎസ് നരസിംഹ എന്നിവരടങ്ങുന്ന ഭരണഘടനാ ബ‍ഞ്ചാണ് വാദം കേട്ടത്. സർക്കാരുകളുടെ നയരൂപീകരണത്തിൽ എന്തെങ്കിലും ഇടപെടൽ നടത്താൻ കോടതിക്ക് കഴിയില്ലെന്ന് സുപ്രീംകോടതി മുമ്പ് വാദംകേൾക്കലിനിടെ പറഞ്ഞിരുന്നു. സര്‍ക്കാരുകളോട് പറയാൻ കോടതിക്ക് സാധിക്കില്ല. നിയമനിർമ്മാണം നടത്താൻ ആവശ്യപ്പെടാനുമാകില്ല.

ഇന്ത്യയുടേത് ഒരു ‘വിവാഹാധിഷ്ഠിത സംസ്കാര’മാണെന്ന കാര്യത്തിലേക്കാണ് എൽജിബിടി കക്ഷികൾ കോടതിയുടെ ശ്രദ്ധ ക്ഷണിച്ചത്. ആ വ്യവസ്ഥയ്ക്കകത്തേക്ക് തങ്ങളുൾപ്പെടണമെങ്കിൽ വിവാഹം നിയമപരമായ അനുവദിക്കണമെന്ന ആവശ്യം അവരുന്നയിച്ചു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started