ഒറ്റ രാത്രിയില്‍ തലസ്ഥാനത്തെ വെള്ളകെട്ടില്‍ മുക്കിയ മഴപെയ്തപ്പോള്‍ തകര്‍ന്നത് കടകംപള്ളി സ്വദേശി രാമലയുടെ വിവാഹ സ്വപ്‌നങ്ങള്‍ കൂടിയാണ്

17-10-2023

തിരുവനന്തപുരം: ഒറ്റ രാത്രിയില്‍ തലസ്ഥാനത്തെ വെള്ളകെട്ടില്‍ മുക്കിയ മഴപെയ്തപ്പോള്‍ തകര്‍ന്നത് കടകംപള്ളി സ്വദേശി രാമലയുടെ വിവാഹ സ്വപ്‌നങ്ങള്‍ കൂടിയാണ്. നാളെയാണ് രാമലയുടെ വിവാഹം. കതിര്‍മണ്ഡപത്തിലേക്ക് വലതുകാല്‍ വച്ച് കയറുമ്പോള്‍ ഉടുക്കേണ്ട രാമലയുടെ കല്യാണപ്പുടവപോലും വീടിനകത്ത് വെള്ളം കയറി നശിച്ചുപോയി. കല്യാണപ്പുടവ മാത്രമല്ല, വിവാഹത്തിനായി ബന്ധുക്കള്‍ക്ക് കൊടുക്കാനായി വാങ്ങി അലമാരയില്‍ സൂക്ഷിച്ച എല്ലാ വസ്ത്രങ്ങളും കുതിച്ചെത്തിയ വെള്ളത്തില്‍ നശിച്ചു.

കടകംപള്ള കാക്കോട് പാലത്തിനു സമീപം ഓട്ടോ ഡ്രൈവര്‍ ജി സനല്‍കുമാറിന്റെ ഇളയമകളാണ് രാമല. ചെറുവക്കല്‍ സ്വദേശി സുമേഷുമായി നാളെ രാവിലെ 11നും 11:30നും മധ്യേ പഞ്ചമീദേവി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ വച്ചാണ് വിവാഹം നടക്കേണ്ടിയിരുന്നത്. സനല്‍കുമാര്‍ ഓട്ടോ ഓടിച്ച് സ്വരുക്കൂട്ടിയ തുക കൊണ്ട് 25000 രൂപയുടെ വിവാഹ വസ്ത്രങ്ങളാണ് വാങ്ങിയിരുന്നത്. ഇതെല്ലാം വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്നു. 28 വര്‍ഷമായി ഇവര്‍ ഷീറ്റുമേഞ്ഞ കൊച്ചു വീട്ടിലാണ് താമസിച്ചിരുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ മഴ ശക്തമായതോടെ മകന്‍ ഹരിയുടെ വീട്ടിലേക്ക് ഇവര്‍ താമസം മാറി. മഴ കുറയുമ്പോള്‍ വീട്ടിലേക്ക് തിരിച്ചെത്താം എന്നാണ് കരുതിയത്. എന്നാല്‍ തലസ്ഥാനത്തെ അപ്രതീക്ഷിത പ്രളയത്തില്‍ വീട്ടില്‍ മുഴുവന്‍ വെള്ളം കയറിയതോടെ വിവാഹത്തിനായി വാങ്ങിയ അരിയും പലവ്യഞ്ജനങ്ങളും ഉള്‍പ്പെടെ മുഴുവന്‍ സാധനങ്ങളും ചെളിവെള്ളത്തില്‍ മുങ്ങിപ്പോയി. വിവാഹത്തിന് ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഇനി എന്തു ചെയ്യുമെന്നറിയാതെ കുഴഞ്ഞിരിക്കുകയാണ് ഇവര്‍. ചെറിയ സഹായങ്ങളുമായി നാട്ടുകാര്‍ എത്തുന്നുണ്ടെങ്കിലും വിവാഹം മുടക്കം കൂടാതെ നടക്കണമേ എന്ന പ്രാര്‍ത്ഥനയിലാണ് ഇവര്‍.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started