എലിപ്പനിയ്ക്കെതിരെ അതീവ ജാഗ്രത പാലിയ്ക്കണം

16-10-2023

IMG_20231015_121308_(1200_x_628_pixel)

തിരുവനന്തപുരം: ജില്ലയിൽ ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തിൽ ജനങ്ങൾ എലിപ്പനിയ്ക്കെതിരെ ജാഗ്രത പുലർത്തേണ്ടതുണ്ട്.

കെട്ടിക്കിടക്കുന്ന മഴവെള്ളത്തിൽ കളിക്കുകയോ കുളിക്കുകയോ കൈ കാലുകളും മുഖവും കഴുകുകയോ ചെയ്യാൻ പാടില്ല.എലി, അണ്ണാൻ, പൂച്ച, പട്ടി, മുയൽ, കന്നുകാലികൾ തുടങ്ങിയവയുടെ വിസർജ്ജ്യങ്ങൾ കലർന്ന ജലവുമായി സമ്പർക്കം ഉണ്ടാകുന്നതും രോഗാണു കലർന്ന ആഹാരവും വെള്ളവും ഉപയോഗിക്കുന്നതും രോഗ കാരണമാകും.

വെള്ളപ്പൊക്കത്തിൽ അകപ്പെടുന്നവർ –

രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നവർ,

കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഓടകളിലും ഇറങ്ങി ജോലിചെയ്യുന്നവർ, മൃഗങ്ങളെ പരിപാലിക്കുന്നവർ, കെട്ടിട നിർമ്മാണ തൊഴിലാളികൾ തൊഴിലുറപ്പ് തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ തുടങ്ങി രോഗ സാദ്ധ്യത കൂടിയവർ നിർബന്ധമായും ഡോക്ടറുടെ നിർദ്ദേശ പ്രകാരം പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ കഴിക്കുക. ഡോക്സിസൈക്ലിൻ എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ നിന്നും സൗജന്യമായി ലഭിക്കും. രോഗ സാദ്ധ്യത കൂടിയ ഇടങ്ങളിൽ ജോലി ചെയ്യുന്നവർ കയ്യുറയും കാലുറയും ധരിക്കുന്നത് അഭികാമ്യം.

ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയാതെ, സംസ്കരിക്കുക. പഴങ്ങളും ,പച്ചക്കറികളും ശുദ്ധജലത്തിൽ കഴുകി ഉപയോഗിക്കുക.

പനി, തലവേദന, കാലുകളിലെ പേശികളിൽ വേദന, കണ്ണിന് മഞ്ഞ – ചുവപ്പ് നിറം, മൂത്രത്തിന്റെ അളവ് കുറഞ്ഞു കടുത്ത നിറം എന്നിവയാണ് എലിപ്പനിയുടെ ലക്ഷണങ്ങൾ. പനിയോടൊപ്പം മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ എലിപ്പനി സംശയിക്കാം. രോഗം ഗുരുതരമായാൽ മരണം സംഭവിക്കാം.

രോഗസാദ്ധ്യത കൂടിയ ഇടങ്ങളിൽ ജോലി ചെയ്തിട്ടുള്ളവർക്ക് പനി അനുഭവപ്പെട്ടാൽ ഉടനടി ചികിത്സ തേടുകയും ഡോക്ടറോട് ജോലി ചെയ്ത ഇടത്തെ കുറിച്ച് പറയുകയും ചെയ്യുക. അസുഖ വിവരം അടുത്തുള്ള ആരോഗ്യപ്രവർത്തകരെ അറിയിക്കുക. സ്വയം ചികിത്സ പാടില്ല. പൂർണ്ണമായും വിശ്രമിക്കുക.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started