15-10-2023

വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ ആദ്യ കപ്പലിന് അതി ഗംഭീര സ്വീകരണം. ചൈനയിൽ നിന്നുള്ള ഷാൻഹായ് പിഎംസിയുടെ ഷെൻഹുവ 15 എന്ന കപ്പലിനെ മുഖ്യമന്ത്രി പിണറായി വിജയൻ പതാക വീശി വരവേറ്റു. വാട്ടർ സല്യൂട്ട് ഏറ്റുവാങ്ങിയ കപ്പൽ ബർത്തിലേക്ക് അടുപ്പിച്ചു. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷതയിൽ പ്രൗഢ ഗംഭീരമായ സമ്മേളനം തുടങ്ങി. കേന്ദ്ര ഷിപ്പിങ്, വാട്ടർവേയ്സ് – ആയുഷ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ ആണ് മുഖ്യാതിഥി.
കേന്ദ്ര വിദേശകാര്യ, പാർലമെന്ററികാര്യ വകുപ്പ് സഹമന്ത്രി വി മുരളീധരൻ, പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, റവന്യു വകുപ്പ് മന്ത്രിയും വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് ഡയറക്ടർ ബോർഡ് അംഗവുമായ കെ രാജൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ശശി തരൂർ എംപി, എം വിൻസെന്റ് എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി വേണു, തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെഎസ് ശ്രീനിവാസ്, അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡ് ചെയർമാൻ കരൺ അദാനി, അദാനി വിഴിഞ്ഞം തുറമുഖ കമ്പനി സിഇഒ രാജേഷ് ഝാ തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്. 3500 പേർക്ക് ഇരിക്കാവുന്ന തരത്തിലുള്ള പന്തലിലാണ് സജ്ജമാക്കിയിരിക്കുന്നത്.
തുറമുഖത്തിനാവശ്യമായ മൂന്ന് ക്രെയിനുകളുമായിട്ടാണ് ആദ്യ കപ്പലെത്തിയത്. ഓഗസ്റ്റ് 30ന് ചൈനയിൽനിന്ന് പുറപ്പെട്ട കപ്പൽ ഗുജറാത്തിലെ മുന്ദ്രതീരത്ത് എത്തുകയും ഇവിടെനിന്ന് വിഴിഞ്ഞത്തേക്ക് പുറപ്പെടുകയുമായിരുന്നു. ഈ മാസം 12ന് രാവിലെ എട്ടരയോടെയാണ് കപ്പൽ വിഴിഞ്ഞം പദ്ധതി പ്രദേശത്ത് എത്തിയത്. തുടർന്ന് തീരത്തിന് 12 കിലോമീറ്റർ അകലെ കപ്പൽ നങ്കൂരമിടുകയായിരുന്നു.

Leave a comment