13-10-2023

തിരുവനന്തപുരം : ഏഴ് നോട്ടിക്കൽ മൈൽ അകലെ നിന്നാണ് ക്രെയിനുമായെത്തിയ കപ്പലിനെ തീരത്തെത്തിച്ചത്. രാവിലെ 9.40-ന് തീരത്തുനിന്നുള്ള ടഗ്ഗിൽ അദാനി ഗ്രൂപ്പിന്റെ പൈലറ്റുമാരായ ക്യാപ്റ്റൻ തുഷാർ, ക്യാപ്റ്റൻ സച്ചിൻ എന്നിവർ ഷെൻഹുവാ 15 കപ്പലിലെത്തി. ഇവിടെ മുതൽ ചൈനീസ് കപ്പലിന്റെ നിയന്ത്രണം ഇവർ ഏറ്റെടുത്തു. ഓഷൻ സ്പിരിറ്റ്, ഡോൾഫിൻ 35, ഡോൾഫിൻ 27 എന്നീ മൂന്ന് ടഗ്ഗുകളാണ് കപ്പലിനെ ബർത്തിലേക്ക് അടുപ്പിക്കാൻ സഹായിച്ചത്. ഇതിൽ ഒരു ടഗ്ഗ് പിറകിലും മറ്റ് രണ്ടെണ്ണം വശങ്ങളിലുമായാണ് കപ്പലിന് വഴികാട്ടിയായത്.
ബെർത്തിൽ നിന്ന് കടലിലേക്കുള്ള അപ്രോച്ച് ചാനലിലൂടെയാണ് കപ്പൽ കടന്നുവന്നത്. ഇത് ബോയകൾ സ്ഥാപിച്ച് വേർതിരിച്ചിരുന്നു. മണിക്കൂറിൽ 10 മുതൽ 12 കിലോമീറ്റർവരെ വേഗതയിലാണ് കപ്പലിന്റെ യാത്ര. കപ്പലിന് അടുക്കാൻ ബർത്തിൽ 12 മീറ്റർ ആഴമാണ് വേണ്ടത്. നിലവിൽ ബർത്തിനോടു ചേർന്നുള്ള ഭാഗത്തിന് 18 മീറ്റർ ആഴമുണ്ട്.
കപ്പലിന്റെ എൻജിന്റെ സഹായത്തോടെതന്നെയാണ് ബർത്തിലേക്കെത്തിയത്. ഈ സമയത്ത് ടഗ്ഗുകൾ കപ്പലിന് വാട്ടർ സല്യൂട്ട് നൽകി. കപ്പൽ അടുപ്പിക്കുമ്പോൾ ബെർത്തിന് തകരാറുണ്ടാകാതിരിക്കാനായി ഫെൻഡറുകളും കപ്പലിനെ ഉറപ്പിച്ചു നിർത്തുന്നതിനായി ബൊള്ളാഡുകളും സ്ഥാപിച്ചിട്ടുണ്ടായിരുന്നു. പോളി പ്രൊപ്പലൈൻ കയറുകളുപയോഗിച്ച് കപ്പലിനെ ബൊള്ളാഡുകളിൽ കെട്ടിനിർത്തി. കൂടുതൽ ബലം കിട്ടുന്നതിനായി വയർ റോപ്പ് ഉപയോഗിച്ചും ബൊള്ളാഡുകളുമായും ബന്ധിപ്പിച്ചിട്ടുണ്ട്. കപ്പൽ ബർത്തിലെത്തുന്ന ഏറ്റവും പ്രധാനപ്പെട്ട റോപ്പിടൽ ചടങ്ങ് 11.18-ന് നടത്തി.
ബർത്തിലെത്തിയപ്പോൾ കസ്റ്റംസ്, എമിഗ്രേഷൻ, ആരോഗ്യ വകുപ്പ് എന്നിവരുടെ സംഘം കപ്പലിൽ പരിശോധന നടത്തി. കടലിലെ കാലാവസ്ഥ അനുകൂലമായതിനാൽ രാവിലെതന്നെ കപ്പൽ ബെർത്തിലെത്തിക്കാൻ തീരുമാനിച്ചിരുന്നു. തിരുവനന്തപുരത്തെ വാട്ടർലൈൻ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് മൂറിങ്ങിന് (ഉൾക്കടലിൽനിന്ന് കപ്പലിനെ ബർത്തിലെത്തിക്കുന്ന ജോലി) നേതൃത്വം നൽകിയത്.
പോസ്റ്റ് പനാമാക്‌സ് എന്ന വലിയ ക്രെയിനിന് 1750 ടണ്ണും യാർഡ് ക്രെയിനിന് 624 ടണ്ണും ഭാരമുണ്ട്. ഇതുൾപ്പെടുന്ന വലിയ കപ്പലിനെ വിഴിഞ്ഞത്ത് വളരെ പെട്ടെന്നെത്തിക്കാൻ കഴിഞ്ഞത് നേട്ടമാണ്. ആദ്യ കപ്പലിന്റെ മൂറിങ് സാങ്കേതികമായി മികച്ച രീതിയിൽത്തന്നെ പൂർത്തിയാക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് സാങ്കേതിക വിദഗ്ധർ.

Leave a comment