13-10-2023

നെടുമങ്ങാട് : രണ്ട് പതിറ്റാണ്ട് മണലാരണ്യത്തിൽ പണിയെടുത്ത് സമ്പാദിച്ച ധനംകൊണ്ട് വീടെന്ന സ്വപ്നം പൂവണിഞ്ഞപ്പോൾ ജലീലും നിസയും മൂന്ന് യുവതികളുടെ വിവാഹസ്വപ്നംകൂടി യാഥാർഥ്യമാക്കി. ഇരിഞ്ചയം പള്ളിവിള സ്വദേശി എ.എ.ജലീലും ഭാര്യ നിസയുമാണ് വീടിന്റെ പാലുകാച്ചൽ ദിവസം മൂന്ന് നിർധനയുവതികളുടെ വിവാഹംകൂടി നടത്തി നാടിനു മാതൃകയായത്.
പ്രകാശം ചൊരിയുന്ന വീട് എന്നർഥമുള്ള ‘ബൈത്ത് അൽ നൂർ’ എന്നുപേരിട്ട ഈ വീട് മൂന്ന് കുടുംബങ്ങൾക്കു മാത്രമല്ല, ഒരു നാടിനും പ്രകാശം പരത്തും. ദുബായിയിൽ വ്യവസായിയായ ജലീലിനും നിസയ്ക്കും കുടുംബവീടിനോടു ചേർന്ന് ഒരു വീടെന്നതു വലിയ സ്വപ്നമായിരുന്നു. സ്വപ്നഭവനത്തിന്റെ പണി പൂർത്തിയാക്കി പാലുകാച്ചലിനെക്കുറിച്ച് ചിന്തിച്ചപ്പോഴാണ് തങ്ങളുടെ സന്തോഷത്തിനൊപ്പം സമൂഹത്തിലെ ഏതെങ്കിലും ഒരു കുടുംബത്തിനുംകൂടി സന്തോഷമുണ്ടാകണമെന്ന് തീരുമാനിച്ചത്. ഈ ചിന്തയാണ് മൂന്ന് യുവതികളുടെ വിവാഹസ്വപ്നം യാഥാർഥ്യമാക്കിയത്.
വെമ്പായം, വെഞ്ഞാറമൂട്, പുതുകുറിച്ചി എന്നിവിടങ്ങളിൽനിന്നുള്ള മൂന്ന് യുവതികളുടെ വിവാഹച്ചെലവുകളെല്ലാം ജലീലും നിസയും ചേർന്ന് ഏറ്റെടുക്കുകയായിരുന്നു. ഇവരുടെ രക്ഷിതാക്കൾ ആഗ്രഹിച്ച രീതിയിൽതന്നെ വിവാഹം നടത്തി. മൂന്നുപേർക്കും സ്വന്തമായി സ്ഥലവും വാങ്ങിനൽകി. വീടിന്റെ നിർമാണച്ചെലവിനോളം തന്നെ പണംമുടക്കിയാണ് ഈ ദമ്പതിമാർ ഇതെല്ലാം ഒരുക്കിയത്. പുതിയ വീടിനടുത്തുതന്നെ വലിയ പന്തലൊരുക്കിയാണ് ഗൃഹപ്രവേശനവും വിവാഹച്ചടങ്ങും ഒരുമിച്ചുനടത്തിയത്. ചടങ്ങുകൾ കാണാൻ നൂറുകണക്കിന് ആളുകളാണെത്തിയത്.

Leave a comment