12-10-2023

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖനിർമാണത്തിനുള്ള ക്രെയിനുകളുമായെത്തുന്ന കപ്പൽ വ്യാഴാഴ്ച ബർത്തിലെത്തും. വിഴിഞ്ഞത്ത് പുറംകടലിൽ നങ്കൂരമിട്ടിരിക്കുന്ന കപ്പലിനെ ടഗ്ഗുകളുടെ സഹായത്തോടെയാണ് 30-ഓളം സാങ്കേതികവിദഗ്‌ധരുടെ നേതൃത്വത്തിൽ ബർത്തിലേക്ക് അടുപ്പിക്കുന്നത്. 240 മീറ്റർ നീളമുള്ള കപ്പൽ അടുപ്പിക്കുന്നതിനായി 300 മീറ്റർ ദൂരത്തിൽ ബർത്തിന്റെ പണി പൂർത്തിയാക്കിയിട്ടുണ്ട്.
ക്രെയിനുമായെത്തുന്ന ഹെൻഹുവാ 15 എന്ന കപ്പലിനടുക്കാൻ ബർത്തിൽ 12 മീറ്റർ ആഴമാണ് വേണ്ടത്. നിലവിൽ ബർത്തിനോടു ചേർന്നുള്ള ഭാഗത്തിന് 18 മീറ്റർ ആഴമുണ്ട്.
ആഴിമല ഭാഗത്തുള്ള കടൽവഴി എത്തുന്ന കപ്പലിനെ തുറമുഖമേഖലയിലേക്ക് എത്തുന്നതിന് ബോയകൾ ഇട്ട് വഴിതിരിതെളിക്കും. തുടർന്ന് നാല് ടഗ്ഗുകൾ എത്തിച്ചാണ് കപ്പലിനെ വലിച്ച് ബർത്തിലേക്ക് എത്തിക്കുക. മൂന്ന് മണിക്കൂറിനുള്ളിൽ പൂർണമായും കപ്പലിനെ ബർത്തിലെത്തിക്കാനാകും.
ടഗ്ഗുകളുടെ സഹായത്തോടെ എത്തിക്കുന്ന കപ്പൽ അടുപ്പിക്കുമ്പോൾ ബെർത്തിനു തകരാറുണ്ടാകാതിരിക്കാനായി ഫെൻഡറുകളും കപ്പലിനെ ഉറപ്പിച്ച് നിർത്തുന്നതിനായി ബൊള്ളാഡുകളും സ്ഥാപിച്ചിട്ടുണ്ട്. കപ്പലിന്റെ ഡക്കും ബെർത്തും ഒരേ നിരപ്പിലെത്തിയാലാണ് ക്രെയിനുകൾ ഇറക്കിവയ്ക്കാനാകൂ.
മൂറിങ് (ഉൾക്കടലിൽനിന്ന് കപ്പലിനെ ബർത്തിലെത്തിക്കുന്ന ജോലി) നടത്തുന്നത് വാട്ടർലൈൻ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ്.
അദാനി പോർട്‌സിന്റെ ക്യാപ്‌റ്റൻ തുഷാറിന്റെ നേതൃത്വത്തിലാണ് മൂറിങ് പ്രവർത്തികൾ നടക്കുന്നത്. കപ്പലിന്റെ സുരക്ഷയ്ക്കായി 700-ഓളം പോലീസുകാരെ തുറമുഖനിർമാണമേഖലയിൽ വിന്യസിച്ചിട്ടുണ്ട്.ഞായറാഴ്ചയാണ് ഔദ്യോഗികമായി കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങ് നടക്കുക.
ക്രെയിനുകളുമായി എത്തുന്ന കപ്പലിന് സ്വീകരണം 15-ന്
വിഴിഞ്ഞം : ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകൾക്കും വിഴിഞ്ഞം തുറമുഖത്ത് വന്നുപോകാനാകുമെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ. 2024 മേയിൽ വിഴിഞ്ഞം തുറമുഖം പ്രവർത്തനസജ്ജമാകുമെന്നും അദ്ദേഹം പറഞ്ഞു. തുറമുഖ നിർമാണത്തിനായി ക്രെയിനുകളുമായെത്തുന്ന കപ്പലിന് സ്വീകരണമൊരുക്കാനുള്ള പ്രവർത്തനങ്ങൾ വിലയിരുത്താൻ വിഴിഞ്ഞത്തെത്തിയപ്പോൾ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
15-ന് വൈകീട്ട് നാലിന് ക്രെയിനുകളുമായി തുറമുഖത്ത് അടുക്കുന്ന ആദ്യ കപ്പലിന് സർക്കാർ സ്വീകരണമൊരുക്കും. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ് സോനോവാളും ചടങ്ങിൽ പങ്കെടുക്കും. കടലിലുള്ള ടഗ്ഗുകൾ വാട്ടർ സല്യൂട്ട് നൽകിയാണ് കപ്പലിനെ സ്വീകരിക്കുക.
വിഴിഞ്ഞം തുറമുഖം ലോകശ്രദ്ധയാകർഷിക്കുന്ന തരത്തിൽ മാറും. വലിയ കപ്പലുകൾക്ക് ബെർത്തിലടുക്കാനുള്ള പ്രകൃതിദത്തമായ 20 മീറ്റർ ആഴം ഇവിടെയുണ്ട്. അതിനായി കോടിക്കണക്കിന് രൂപ ചെലവഴിച്ചുള്ള ഡ്രെഡ്ജിങ് വേണ്ടിവരില്ല.
ദൈവത്തിന്റെ സ്വന്തം നാട് എന്ന് നാം വിശേഷിപ്പിക്കുന്ന കേരളത്തിൽ, ദൈവത്തിന്റെ അനുഗ്രഹം കനിഞ്ഞിറങ്ങിയ കടലാണ് വിഴിഞ്ഞത്തുള്ളത്. അന്താരാഷ്ട്ര കപ്പൽച്ചാലിൽനിന്ന് 10 നോട്ടിക്കൽ മൈൽ അകലത്തിൽ കര ലഭിക്കുന്നു എന്ന പ്രത്യേകതയും വിഴിഞ്ഞത്തുണ്ട്. വിദേശ ക്രൂസ് കപ്പലുകളുടെ വരവ് സംസ്ഥാനത്തിന്റെ വിനോദ സഞ്ചാരമേഖലയിലും വൻമാറ്റമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. തുറമുഖത്തിനായി സ്ഥലം നൽകിയവരുടെ പുനരധിവാസം ഉറപ്പാക്കി. തൊഴിൽ നഷ്ടപ്പെട്ട പ്രദേശവാസികൾക്കായി അസാപ്പിന്റെ നേതൃത്വത്തിൽ സാങ്കേതിക പരിശീലന കേന്ദ്രമാരംഭിക്കും.
ആദ്യഘട്ടത്തിൽ 5000 പേർക്ക് തൊഴിൽ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിസിൽ എം.ഡി. ഡോ. അദീല അബ്ദുള്ള, അദാനി തുറമുഖ കമ്പനി സി.ഇ.ഒ. രാജേഷ്ഝാ, കോർപ്പറേറ്റ് അഫയേഴ്സ് മേധാവി സുശീൽ നായർ, സി.എസ്.ആർ.മേധാവി ഡോ. അനിൽ ബാലകൃഷ്ണൻ എന്നിവരും സംബന്ധിച്ചു.

Leave a comment