നഗരത്തിലെ ബാലഭിക്ഷാടനത്തിനും ബാലവേലയ്ക്കും തടയിടാൻ പരിശോധന കടുപ്പിച്ച് ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്

12-10-2023

തിരുവനന്തപുരം : നഗരത്തിലെ ബാലഭിക്ഷാടനത്തിനും ബാലവേലയ്ക്കും തടയിടാൻ പരിശോധന കടുപ്പിച്ച് ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്. തുടർച്ചയായ ദിവസങ്ങളിൽ നടന്ന പരിശോധനയിലൂടെ പത്ത് കുട്ടികളെയും നാല് സ്ത്രീകളെയും രണ്ടു കൈക്കുഞ്ഞുങ്ങളെയുമാണ് പുനരധിവസിപ്പിച്ചത്. പൂജപ്പുര മഹിളാമന്ദിരത്തിലും തൈക്കാട് ശിശുക്ഷേമ സമിതിയിലുമാണ് നഗരവീഥികളിൽ കണ്ടെത്തുന്നവരെ നിലവിൽ താമസിപ്പിച്ചിരിക്കുന്നത്. 

യാചകസംഘത്തിലെ പുരുഷന്മാർ പുനരധിവാസ കേന്ദ്രങ്ങളിലും ജില്ലാ ബാലക്ഷേമ സമിതിയിലുമെത്തി പിടികൂടിയവരെ വിട്ടുനൽകണമെന്ന് ആവശ്യപ്പെടുന്നതായി അധികൃതർ പറയുന്നു. ജനന സർട്ടിഫിക്കറ്റ്, ആധാർ തുടങ്ങി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കുന്ന മുറയ്ക്ക് കുട്ടികളെയും സ്ത്രീകളെയും വിട്ടുനൽകുമെന്ന് ജില്ലാ ബാലക്ഷേമ സമിതി ചെയർപേഴ്‌സൺ ഷാനിബാബീഗം പറഞ്ഞു. കിഴക്കേക്കോട്ടയിൽനിന്ന് കുങ്കുമവില്പന നടത്തുന്നതായി കണ്ടെത്തിയ കുട്ടികളെ പുറത്തിറക്കാനെത്തിയത് കിഴക്കേക്കോട്ടയിൽ കച്ചവടം നടത്തുന്ന അന്യസംസ്ഥാനത്തൊഴിലാളിയാണ്.

കുട്ടികളുടെ ജനനരേഖകളും തിരികെ നാട്ടിലേക്കുള്ള ട്രെയിൻ ടിക്കറ്റും ഹാജരാക്കണമെന്ന് ബാലക്ഷേമസമിതി നിർദേശം നൽകിയിട്ടുണ്ട്. കൈക്കുഞ്ഞുങ്ങളുമായി കണ്ടെത്തിയ സ്ത്രീകൾ പുനരധിവാസകേന്ദ്രങ്ങളിൽ ആത്മഹത്യാഭീഷണി മുഴക്കുകയും സ്വയം പരിക്കേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇവരെ പിന്നീട് നാട്ടിലേക്കു തിരികെപ്പോകാമെന്ന ഉറപ്പിൽ വിട്ടയച്ചു.

കണ്ടെത്തുന്ന കുട്ടികളെ ബാലക്ഷേമ സമിതിക്കു മുൻപിൽ ഹാജരാക്കിയശേഷമാണ് തുടർനടപടി സ്വീകരിക്കുന്നതെന്ന് ജില്ലാ ശിശുസംരക്ഷണ ഓഫീസർ ചിത്രലേഖ പറഞ്ഞു.

കിഴക്കേക്കോട്ട, അട്ടക്കുളങ്ങര, പഴവങ്ങാടി, ഓവർബ്രിഡ്ജ്, പാളയം, തമ്പാനൂർ, കോട്ടയ്ക്കകം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് കുട്ടികളെ ഉപയോഗിച്ചുള്ള ഭിക്ഷാടന മാഫിയ പ്രവർത്തിക്കുന്നത്. ചൈൽഡ് ഹെൽപ് ലൈൻ, സ്പെഷ്യൽ ജുവനൈൽ പോലീസ് യൂണിറ്റ്, പോലീസ് എന്നീ വിഭാഗങ്ങളുടെ സഹായത്തോടെയാണ് പരിശോധന.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started