ആശുപത്രികളിലെ നിർമാണങ്ങൾ പൂർത്തിയാക്കണം -വീണാ ജോർജ്

12-20-2023

ആറ്റിങ്ങൽ : ‘ആർദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായി വർക്കല, ചിറയിൻകീഴ്, വലിയകുന്ന് താലൂക്കാശുപത്രികൾ മന്ത്രി വീണാ ജോർജ് സന്ദർശിച്ചു. ആശുപത്രികളിൽ നടക്കുന്ന നിർമാണപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. 

വർക്കല താലൂക്കാശുപത്രിയിൽ 45 കോടിയുടെ കെട്ടിടം നിർമിക്കുന്നതിനു കരാർ നടപടികൾ പൂർത്തിയായിട്ടുണ്ട്. ഇതിന്റെ നിർമാണം ഉടൻ ആരംഭിക്കും. ആശുപത്രിയുടെ വികസനത്തിന്റെ പ്രധാന ഘട്ടമാണിത്. നിർമാണം പൂർത്തിയാകുന്നതോടെ നിലവിലെ വാർഡുകൾ ഉൾപ്പെടെ പുതിയ കെട്ടിടത്തിലേക്കു മാറ്റാൻ കഴിയും. 

ചിറയിൻകീഴ് താലൂക്കാശുപത്രിയിലെ നിർമാണപ്രവർത്തനങ്ങൾ സംബന്ധിച്ച് സുപ്രധാന തീരുമാനം കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ എടുത്തിട്ടുണ്ട്. 2024 മാർച്ച് മാസത്തോടെ നിർമാണം പൂർത്തിയാക്കി പുതിയ ബ്ലോക്കിലേക്കു മാറും. ഇതോടെ ആശുപത്രിയുടെ അടിസ്ഥാനസൗകര്യം വർധിക്കും.

വലിയകുന്ന് താലൂക്കാശുപത്രിയുടെ വികസനം അടുത്ത ഘട്ടത്തിലേക്കു കടക്കുകയാണ്. ആയിരത്തിലധികമാളുകൾ ദിവസേന ഒ.പി.യിലെത്തുന്ന ആശുപത്രിയായതിനാൽ അടിയന്തരമായി പരിഹരിക്കേണ്ട ചില വിഷയങ്ങൾ ഇവിടെയുണ്ട്. ഡയാലിസിസ് കേന്ദ്രം ഉൾപ്പെടെയുള്ളവ നവംബർ മാസത്തോടെ പ്രവർത്തനസജ്ജമാകും. ദേശീയപാതയുടെ സമീപത്തുള്ള ആശുപത്രിയായതിനാൽ ട്രോമാകെയർ സംവിധാനത്തിനും പ്രാധാന്യം നൽകും. പുതിയ ആശുപത്രി ബ്ലോക്ക്, മെറ്റേണിറ്റി ബ്ലോക്ക് എന്നിവയുടെ നിർമാണം ഉടൻ ആരംഭിക്കും. 

ഇവിടെ സാന്ത്വന പരിചരണവിഭാഗത്തിലെ രോഗിക്ക് മരുന്ന് ലഭിച്ചില്ലെന്ന പരാതി ഒരാൾ മന്ത്രിയെ അറിയിച്ചു. ഇതുസംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആശുപത്രി സൂപ്രണ്ട് പ്രീതാസോമനെ ചുമതലപ്പെടുത്തി. കളക്ടറേറ്റിൽ യോഗം വിളിച്ച് ഈ ആശുപത്രികളിലെ വിഷയങ്ങൾ വിശദമായി പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കും. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ജില്ലാതല, സംസ്ഥാനതല അവലോകനങ്ങളുമുണ്ടാകും. 

വർക്കലയിൽ വി.ജോയി എം.എൽ.എ., ചിറയിൻകീഴിൽ വി.ശശി എം.എൽ.എ., ആറ്റിങ്ങലിൽ ഒ.എസ്.അംബിക എം.എൽ.എ. എന്നിവരും ഉന്നതോദ്യോഗസ്ഥരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started