ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ അൽപശി ഉത്സവം കൊടിയേറ്റിനുള്ള കൊടിക്കയർ പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന്

11-10-2023

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ അൽപശി ഉത്സവം കൊടിയേറ്റിനുള്ള കൊടിക്കയർ പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് ക്ഷേത്രം ഭാരവാഹികൾ ഏറ്റുവാങ്ങി. പൂജപ്പുര സെൻട്രൽ ജയിൽ ജോയിൻ്റ് സൂപ്രണ്ട് അൽഷാനിൽനിന്ന് ക്ഷേത്രം മാനേജർ ബി ശ്രീകുമാർ ആണ് കൊടിക്കയർ ഏറ്റുവാങ്ങിയത്. വർഷങ്ങളായി പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരാണ് കൊടിക്കയർ തയ്യാറാക്കുന്നത്.

ഒരുമാസത്തോളം വ്രതമെടുത്താണ് തടവുകാർ കൊടിക്കയർ നിർമിക്കുന്നത്. നൂലുകൊണ്ട് കയർ പിരിച്ചെടുത്താണ് കൊടിയേറ്റിന് ഉപയോഗിക്കുന്ന കയർ നിർമാണം. പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് ഏറ്റുവാങ്ങിയ കയർ ശുദ്ധിക്രിയകൾക്കുശേഷം കൊടിയേറ്റിന് ഉപയോഗിക്കുന്ന പൂജിച്ച കൊടിയും കൊടിക്കയറും പെരിയ നമ്പിയും പഞ്ചഗവ്യത്ത് നമ്പിയും ചേർന്ന് ക്ഷേത്ര തന്ത്രിക്ക് കൈമാറും

ഈ മാസം 14ന് രാവിലെ എട്ടരയ്ക്കും ഒൻപതരയ്ക്കും ഇടയ്ക്കുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി ധ്വജാരോഹണം നടത്തുന്നതോടെ അൽപശി ഉത്സവത്തിന് തുടക്കമാകും. 21നാണ് വലിയ കാണിക്കയ്ക്ക. 22ന് പള്ളിവേട്ട നടക്കും. 23ന് ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന ആറാട്ടോടുകൂടി ഈ വർഷത്തെ അൽപശി ഉത്സവത്തിന് സമാപനമാകും. സുരക്ഷാ കാരണങ്ങൾ കണക്കിലെടുത്ത് ആറാട്ട് ഷോഘയാത്രയെ അനുഗമിക്കുന്ന ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിൽനിന്ന് പ്രത്യേക പാസ് ഏർപ്പെടുത്തിയിട്ടുണ്ട്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started