ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം

11-10-2023

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. ഒന്നാമന്‍ ആരാണെന്നത് മാത്രമല്ല ഫോട്ടോ ഫിനിഷില്‍ മൂന്നാമതായി ആരാണെത്തുക എന്നതുപോലും തിരുവനന്തപുരത്ത് പ്രവചനം അസാദ്ധ്യം. അത്രയ്ക്ക് കടുത്ത പോരിനാണ് തലസ്ഥാനം മുന്‍ വര്‍ഷങ്ങളില്‍ സാക്ഷ്യംവഹിച്ചത്. നായര്‍സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണ് തിരുവനന്തപുരം.

കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനെ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്കായിരുന്നു മുന്‍ കേന്ദ്രമന്ത്രിയും സിറ്റിംഗ് എംപിയുമായ ശശിതരൂര്‍ പരാജയപ്പെടുത്തിയത്. ശബരിമല പ്രശ്‌നം കത്തിനിന്നിട്ടും രണ്ടാമതെത്തിയ കുമ്മനം രാജശേഖരന്‍ 31.3 ശതമാനം വോട്ടാണ് നേടിയത്. അതുകൊണ്ടുതന്നെ ഇത്തവണ ശക്തനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കാനാണ് ബിജെപി തീരുമാനം.

ശശിതരൂര്‍ തന്നെയാകും ഇത്തവണയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചാല്‍ തരൂരിനത് നാലാം അങ്കമാകും. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പറഞ്ഞാല്‍ തിരുവനന്തപുരത്ത് നിന്ന് തന്നെ മത്സരിക്കുമെന്ന് ശശി തരൂര്‍ എംപി അടുത്തിടെ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം തെരെഞ്ഞെടുപ്പില്‍ സീറ്റ് ആര്‍ക്കെങ്കിലും വിട്ടുകൊടുക്കാം എന്ന് കരുതിയിരുന്നുവെന്നും പക്ഷെ സാഹചര്യം കാണുമ്പോള്‍ മനസ് മാറിയെന്നുമാണ് ശശി തരൂര്‍ അഭിപ്രായപ്പെട്ടത്.

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇത്തവണ തരൂരിന്റെ എതിരാളിയായി തിരുവനന്തപുരത്ത് മത്സരിച്ചേക്കും എന്ന റിപ്പോര്‍ട്ടുകള്‍ കൂടി ബിജെപി ക്യാമ്പില്‍ നിന്ന് പുറത്തുവരുന്നുണ്ട്. നിലവില്‍ ഗുജറാത്തില്‍നിന്നുള്ള രാജ്യസഭാംഗമാണ് ജയശങ്കര്‍. ഇതിനുപുറമെ കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്റെയും, മലയാളിയും കേന്ദ്ര ഐടി സഹ മന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ പേരും തിരുവനന്തപുരത്ത് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്ന മത്സരമായിരിക്കും തിരുവനന്തപുരത്ത്. ജയശങ്കറിനെയാണ് ബിജെപി സ്ഥാനാര്‍ഥിയാക്കുന്നതെങ്കില്‍ തീ പാറും പോരാട്ടമായിരിക്കും നടക്കുകയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

എല്‍ഡിഎഫില്‍ തിരുവനന്തപുരം സിപിഐ സ്ഥാനാര്‍ത്ഥിക്കുള്ളതാണ്. ഇത്തവണ ആരുടെയും പേരുകള്‍ എല്‍ഡിഎഫ് ക്യാമ്പില്‍നിന്ന് ഉയര്‍ന്നിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നാമതെത്തിയ സിപിഐയുടെ സി ദിവാകരന്‍ 25.6 ശതമാനം വോട്ടാണ് നേടിയത്. അതുകൊണ്ടുതന്നെ ഇത്തവണ ശക്തനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സിപിഐ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരം ഉണ്ടാകുമെന്ന് വലയിരുത്തപ്പെട്ട തിരുവനന്തപുരത്ത് കഷ്ടിച്ച് ശശി തരൂര്‍ ജയിച്ചുകയറുമെന്നായിരുന്നു വിലയിരുത്തല്‍. എക്‌സിറ്റ് പോളുകളും അഭിപ്രായങ്ങളും ബി.ജെ.പി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ വിജയിക്കുമെന്ന് ഉറപ്പിക്കുന്ന മട്ടിലായിരുന്നു. എന്നാല്‍, പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി ഒരു ലക്ഷത്തിനടുത്ത് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശശിതരൂര്‍ മണ്ഡലം നിലനിര്‍ത്തിയത്.

ശശി തരൂര്‍ 41.19 ശതമാനം വോട്ട് നേടിയപ്പോള്‍ രണ്ടാമതെത്തിയ കുമ്മനം രാജശേഖരന്‍ 31.3 ശതമാനം വോട്ടാണ് നേടിയത്. ഏഴ് നിയമസഭ മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷം നേടിയാണ് ശശി തരൂര്‍ തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ സമഗ്ര വിജയം നേടിയത്. 2014 ല്‍ ശശി തരൂര്‍ 15,470 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 2,97,806 വോട്ടാണ് തരൂരിന് അന്ന് ലഭിച്ചത്. രണ്ടാമത് എത്തിയ ബി.ജെ.പിയുടെ ഒ. രാജഗോ പാലിന് 2,82,336 വോട്ട് ലഭിച്ചപ്പോള്‍ മൂന്നാമത് എത്തിയ സിപിഐയുടെ ബെന്നറ്റ് എബ്രഹാമിന് 2,48,941 വോട്ടും ലഭിച്ചു.

ശശി തരൂര്‍ 41.19 ശതമാനം വോട്ട് നേടിയപ്പോള്‍ രണ്ടാമതെത്തിയ കുമ്മനം രാജശേഖരന്‍ 31.3 ശതമാനം വോട്ടാണ് നേടിയത്. ഏഴ് നിയമസഭ മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷം നേടിയാണ് ശശി തരൂര്‍ തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ സമഗ്ര വിജയം നേടിയത്. 2014 ല്‍ ശശി തരൂര്‍ 15,470 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 2,97,806 വോട്ടാണ് തരൂരിന് അന്ന് ലഭിച്ചത്. രണ്ടാമത് എത്തിയ ബി.ജെ.പിയുടെ ഒ. രാജഗോ പാലിന് 2,82,336 വോട്ട് ലഭിച്ചപ്പോള്‍ മൂന്നാമത് എത്തിയ സിപിഐയുടെ ബെന്നറ്റ് എബ്രഹാമിന് 2,48,941 വോട്ടും ലഭിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ഘട്ടത്തില്‍ തരൂരിന് പല ജില്ലകളിലും പരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന നിലപാടാണ് കെപിസിസി അച്ചടക്ക സമിതിയടക്കം സ്വീകരിച്ചത്. വിഴിഞ്ഞം സമരത്തെ തുണക്കാത്തതിനാല്‍ തരൂരിന്റെ വോട്ട് ബാങ്കായിരുന്ന ലത്തീന്‍ സഭ ഉടക്കിനില്‍ക്കുകയാണ്. ഇത് തരൂരിന് ദോഷം ചെയ്യുമെന്നും ഒരു വിഭാഗം നേതാക്കള്‍ പറയുന്നുണ്ട്. എന്നാല്‍ പ്രവര്‍ത്തക സമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ടതോടെ തരൂര്‍ ഇപ്പോള്‍ കൂടുതല്‍ ശക്തനായിരിക്കുന്നുവെന്ന് ഔദ്യോഗിക നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ തരൂരിനെതിരെ നേതാക്കളാരും രംഗത്തുവരുന്നില്ലെന്ന് മാത്രം.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started