11-10-2023

ചിറയിൻകീഴ് : ഹാർബർ വിപുലീകരണവും പുലിമുട്ടുകളുടെ പുനരുദ്ധാരണവും ലക്ഷ്യമിട്ടുള്ള പ്രായോഗികതാ പഠനത്തിനായി കേന്ദ്രസംഘം വീണ്ടും മുതലപ്പൊഴിയിലെത്തി. ബെംഗളൂരു ആസ്ഥാനമായുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റൽ എൻജിനിയറിങ് ഫോർ ഫിഷറീസിലെ (സിസെഫ്) മൂന്ന് ഉദ്യോഗസ്ഥരാണ് ചൊവ്വാഴ്ച രാവിലെ മുതലപ്പൊഴിയിലെത്തിയത്. മുതലപ്പൊഴി തുറമുഖത്തിന്റെ അടിസ്ഥാനസൗകര്യ വികസനം മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് സമർപ്പിച്ച അൻപതുകോടി രൂപയുടെ പദ്ധതി റിപ്പോർട്ട് പരിശോധിച്ച് തുക അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി കഴിഞ്ഞമാസം 22-ന് ദേശീയ മത്സ്യവികസന ബോർഡ് എക്‌സിക്യുട്ടീവ് ഡയറക്ടർ പൊത്തൂരി നെഹ്‌റു മുതലപ്പൊഴി സന്ദർശിച്ചിരുന്നു.
സിസെഫ് അസിസ്റ്റന്റ് ഡയറക്ടർ ദിവ്യാ ശർമ, സീനിയർ ഇക്കോണമിക് ഇൻവെസ്റ്റിഗേറ്റർ ദിനേശ്കുമാർ സോണി, ജൂനിയർ എൻജിനിയർ അജിൻ ജെയിംസ് എന്നിവരാണ് ചൊവ്വാഴ്ചയെത്തിയത്. ഇവർ തുറമുഖവും പുലിമുട്ടുകളും സന്ദർശിച്ചു. മത്സ്യത്തൊഴിലാളികളിൽ നിന്നും ഹാർബർ എൻജിനിയറിങ് ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞു. സംസ്ഥാന ഹാർബർ എൻജിനിയറിങ് വിഭാഗം ഉദ്യോഗസ്ഥ അബീന ബീഗം കേന്ദ്രസംഘത്തെ അനുഗമിച്ചു.
സംസ്ഥാന സർക്കാർ സമർപ്പിച്ച തുറമുഖ വികസന പദ്ധതിക്ക് തത്ത്വത്തിൽ അംഗീകാരമായിട്ടുണ്ട്. ആകെയെള്ള അൻപതു കോടിയിൽ 15.41 കോടി രൂപ ഹാർബിന്റെ പുനരുദ്ധാരണവും അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് ഉപയോഗിക്കുക. തുറമുഖത്തിന്റെ വിപുലീകരണം, താഴംപള്ളിയിലേയും പെരുമാതുറയിലെയും ലേലപ്പുരയുടെ പുനരുദ്ധാരണം, ശൗചാലയസമുച്ചയം, വിശ്രമമുറികളുടെ സമുച്ചയങ്ങൾ, സുരക്ഷാ ക്യാമറകളുടെ വിന്യാസം, പാർക്കിങ് ഏരിയാ വികസനം, പ്രധാന കവാടം, വ്യാപാര ഹാളുകൾ, കടമുറികൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് ഹാർബർ വികസനം.
22.20 കോടിരൂപ പുലിമുട്ടുകളുടെ പുനരുദ്ധാരണത്തിനാണ് ചെലവഴിക്കുക. സംസ്ഥാന സർക്കാർ നിയോഗിച്ച സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷന്റെ പഠന റിപ്പോർട്ട് അനുസരിച്ചാകും പുലിമുട്ടുകളുടെ പുനരുദ്ധാരണവും അഴിമുഖത്തെ മണൽനീക്കൽ ഉൾപ്പെടെയുള്ളവ നടപ്പാക്കുകയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷന്റെ നേതൃത്വത്തിൽ കാലവർഷത്തിനുശേഷമുള്ള വിവര ശേഖരണം ബുധനാഴ്ചയാരംഭിക്കും. അഞ്ചംഗസംഘം 21-വരെ മുതലപ്പൊഴി കടലിൽ വിവരശേഖരണം നടത്തും.

Leave a comment