11-10-2023

വർക്കല: മേഖലയിൽ വർധിച്ചു വരുന്ന ട്രാഫിക് നിയമലംഘനങ്ങൾ നേരിടാൻ കർശന നടപടി സ്വീകരിക്കാൻ വർക്കല സബ് ആർടിഒ തീരുമാനം. അമിതവേഗം, അനധികൃതമായി വാഹനങ്ങളുടെ രൂപമാറ്റം, ഉച്ചത്തിലുള്ള സൈലൻസർ, ഉയർന്ന വെട്ടത്തിലുള്ള ഹെഡ് ലൈറ്റ് ഉൾപ്പെടെ നിയമ ലംഘനങ്ങൾ ഏറി എന്നാണ് കണ്ടെത്തൽ. നിരത്തുകൾ അപകടമുക്തമാക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി ജോയിന്റ് ആർടിഒ ഷീബ രാജൻ അറിയിച്ചു.
പ്രമുഖ സ്കൂളുകൾ കേന്ദ്രീകരിച്ചു രാവിലെയും വൈകിട്ടും ബൈക്ക് അഭ്യാസം പ്രകടനം നടത്തുന്ന സംഘങ്ങൾ സജീവമായി തുടരുന്ന സാഹചര്യത്തിൽ നിയമ നടപടി കർശനമാക്കാനാണ് നീക്കം. അടുത്തകാലത്തു ഇടവ ജംഗ്ഷനിൽ ബൈക്കുമായി കുട്ടികൾക്കിടയിലൂടെ ബൈക്കിന്റെ ഒരു വീൽ ഉയർത്തി അഭ്യാസം കാട്ടിയ യുവാവ് ബാലൻസ് തെറ്റി റോഡിൽ വീണു. ദൃശ്യങ്ങൾ സമീപത്തെ സിസിടിവി യിൽ പതിഞ്ഞെങ്കിലും ആരും ഇത്തരം അഭ്യാസ പ്രകടനത്തിനെതിരെ പരാതി നൽകിയില്ല. വെട്ടൂർ റോഡ്, വർക്കല ക്ഷേത്രം റോഡ്, എസ്എൻ കോളേജ് റോഡ്, ഇടവ, അയിരൂർ വില്ലിക്കടവ്, ചവർകോട്, പാളയംകുന്നു ഭാഗങ്ങളിൽ അമിതവേഗവുമായി കാതടപ്പിക്കുന്ന ശബ്ദത്തിൽ ബൈക്കിൽ പോകുന്ന വിരുതന്മാരുടെ എണ്ണവും കൂടി. ഇതിനു പുറമെ ട്രിപ്പിൾ സവാരിയും പതിവാക്കി. ഇത്തരത്തിൽ നിയമലംഘനങ്ങളിൽ ഏർപ്പെടുന്ന ഏറിയ പങ്കും 25 വയസ്സിനു താഴെ ഉള്ളവരാണ്. ഇതിൽ ലൈസൻസ് ഇല്ലാത്തവരും നിരവധിയാണ്. ലഹരിയുടെ ബലത്തിലും ഇവർ അഴിഞ്ഞാടുന്നു. ബീച്ച് മേഖലയിൽ തിരക്ക് ഏറിയതോടെ ഗ്ലാസിൽ കറുത്ത സ്റ്റിക്കർ പതിച്ച ആഡംബര വാഹനങ്ങൾ നിരന്തരം വരുന്നതും ആർടിഒയുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അതേസമയം നിയമലംഘനങ്ങൾ കണ്ടെത്തി ഇതിനകം നടപടി സ്വീകരിച്ച നിരവധി കേസുകൾ ഉണ്ട്. ബൈക്ക് നമ്പർ തിരിച്ചറിഞ്ഞു വീട്ടിൽ നേരിട്ടെത്തി പിഴ നടപടി എടുത്തതായി എംവി ഐ ജി. ലാജി, എഎംവിഐ മാരായ അമൽലാൽ എം.സി , ഡി.യു.ധനേഷ് കുമാർ എന്നിവർ അറിയിച്ചു. എന്നാൽ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നടപടികളിൽ നിന്ന് തടിയൂരാനും ചിലർ നടത്തുന്ന ശ്രമങ്ങളും ഇത്തരം കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു തുല്യമായി മാറുന്നുണ്ട്.
നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾക്കു ഉദ്യോഗസ്ഥരെ അറിയിക്കാം. വീഡിയോ കൂടി ഉണ്ടെങ്കിൽ തെളിവായി മാറും.

Leave a comment