11-10-2023

തിരുവനന്തപുരം:പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് അസാമിൽ നിന്ന് കേരളത്തിലെത്തിയതാണ് ഫരിയ ഹുസൈനും മാതാപിതാക്കളും. വർഷങ്ങൾക്കിപ്പുറം കേരളത്തിനുവേണ്ടി സൗന്ദര്യകിരീടം ചൂടാൻ തനിക്കാകുമെന്ന് അന്നവൾ കരുതിയില്ല.
ഇക്കഴിഞ്ഞ സെപ്തംബർ 23ന് ജയപൂരിൽ ഫോർ എവർ സ്റ്രാർ ഇന്ത്യ സംഘടിപ്പിച്ച മിസ് ടീൻ ഇന്ത്യ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ചാണ് ഫരിയ ‘മിസ് ടീൻ ഇന്ത്യ ‘പട്ടം സ്വന്തമാക്കിയത്.ഇന്ന് കേരളം ഫരിയയ്ക്ക് അവളുടെ ‘രണ്ടാം വീടാണ്’.തിരുവല്ലം ക്രൈസ്റ്റ് നഗർ സ്കൂളിലെ 11-ാം ക്ലാസ് വിദ്യാർത്ഥിയാണ്. എൽ.കെ.ജി മുതൽ ഇവിടെയാണ് ഫരിയ പഠിക്കുന്നത്. ഏഴുവർഷമായി മോഡലിംഗ് രംഗത്ത് പ്രവർത്തിക്കുന്ന ഫരിയ നിരവധി പരസ്യചിത്രങ്ങളിലും ‘പതിമൂന്ന്’ എന്ന മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്. മോഡലിംഗിനും അഭിനയത്തിനും പൂർണ പിന്തുണയേകി അച്ഛൻ ഫർഹാൻ ഹുസൈനും അമ്മ ഫർമിൻ ഹുസൈനും കൂടെയുണ്ട്.
ചെറുപ്പത്തിൽത്തന്നെ മോഡലിംഗിനോടും അഭിനയത്തോടും ഫരിയ താത്പര്യം പ്രകടിപ്പിച്ചിരുന്നു. അഭിനയവും മോഡലിംഗും ഏറെ ഇഷ്ടപ്പെട്ടിരുന്ന അമ്മ ഫർമീൻ തനിക്ക് നേടാൻ കഴിയാതെപോയത് മകൾ സ്വന്തമാക്കുന്നതിന്റെ സന്തോഷത്തിലാണ്. സ്വന്തം നാടായ അസാമിൽ നിന്ന് മാറി നിൽക്കുന്നതായി തനിക്ക് തോന്നുന്നില്ലെന്നും അസാമിന് സമാനമായ പച്ചപ്പാണ് കേരളത്തിലുള്ളതെന്നും ഫരിയ പറയുന്നു. കംപ്യൂട്ടർ എൻജിനിയറാകണമെന്നാണ് ഫരിയയുടെ ആഗ്രഹം. അപ്പോഴും മോഡലിംഗും കരിയറും കൂടെ കൊണ്ടുപോകാനാണ് തീരുമാനം. നിരവധി ഫാഷൻ ഷോകളിൽ മത്സരിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് കിരീടം നേടുന്നത്. മിസ് ഇന്ത്യയാകണമെന്ന ആഗ്രഹവും ഫരിയയ്ക്കുണ്ട്. അധികം വൈകാതെ അതിനായുള്ള തയ്യാറെടുപ്പ് ആരംഭിക്കാനിരിക്കുകയാണ് ഫരിയ.കോവളത്ത് ‘അസം ടീ ഹൗസ്’ എന്ന പേരിൽ സുഗന്ധദ്രവ്യങ്ങളുടെയും കരകൗശല വസ്തുകളുടെയും വില്പനശാല നടത്തുകയാണ് ഫർഹാൻ ഹുസൈൻ. അവസരങ്ങൾ നമ്മെ തേടി വരുമെന്നും തോൽവിയിൽ തളരാതെ മുന്നോട്ടു പോയാൽ എല്ലാം നേടാൻ കഴിയുമെന്നുമാണ് ഫരിയയുടെ വിജയമന്ത്രം

Leave a comment