09-10-2023

നെയ്യാറ്റിൻകര : സ്ഥിരമായി യാത്രചെയ്യുന്ന ബസിലെ യാത്രക്കാർ. അവർ ഒത്തുകൂടി സേവന പ്രവർത്തനത്തിന് മാതൃകതീർത്തു. യാത്രക്കാരുടെ കൂട്ടായ്മയായ നെയ്യാർ റൈഡേഴ്‌സിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ഡിപ്പോയിലെ ബസുകൾ കഴുകി വൃത്തിയാക്കി.
നെയ്യാറ്റിൻകര ഡിപ്പോയിൽനിന്നും സ്ഥിരമായി യാത്ര ചെയ്യുന്നവരും ബജറ്റ് ടൂറിസത്തിലെ യാത്രക്കാരുടെയും കൂട്ടായ്മയാണ് നെയ്യാർ റൈഡേഴ്‌സ്. നൂറ്റമ്പതോളം യാത്രക്കാരുടെ കൂട്ടായ്മയാണ് നെയ്യാർ റൈഡേഴ്‌സ്.
ഗാന്ധിജയന്തി വാരാചരണത്തിന്റെ സമാപനത്തിന്റെ ഭാഗമായിട്ടാണ് അവർ ഒത്തുകൂടി ബസുകൾ ശുചീകരിക്കാൻ തീരുമാനിച്ചത്. ആദ്യദിനത്തിൽ 15 ബസുകൾ വൃത്തിയാക്കി. തുടർന്നുള്ള ദിവസങ്ങളിലും യാത്രക്കാരുടെ കൂട്ടായ്മയിൽ ബസുകൾ വൃത്തിയാക്കും.
ബസുകൾ കഴുകി വൃത്തിയാക്കുക മാത്രമല്ല ഡിപ്പോയും പരിസരവും ശുചീകരിക്കുക എന്ന ദൗത്യവും ഈ കൂട്ടായ്മ ഏറ്റെടുത്തിരിക്കുകയാണ്. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ചീഫ് ട്രാഫിക് മാനേജർ ജേക്കബ്‌സാം ലോപ്പസ് നിർവഹിച്ചു. നെയ്യാർ റൈഡേഴ്‌സ് സ്വരൂപിച്ച സുരക്ഷാ ഉപകരണങ്ങൾ ഡിപ്പോയ്ക്ക് കൈമാറി. ജനറൽ സി.ഐ. പി.വിനോദ്കുമാർ, ബി.ടി.സി. ചീഫ് കോ-ഓർഡിനേറ്റർ എൻ.കെ.രഞ്ജിത്, സ്റ്റേഷൻ മാസ്റ്റർ എം.ഗോപകുമാർ, സി.രാജൻ, അനീഷ് പുതിയറയ്ക്കൽ എന്നിവർ സംസാരിച്ചു.
നെയ്യാർ റൈഡേഴ്‌സിന്റെ ഭാരവാഹികളായ സവിത, മിനി, കബീർ, രാഹുൽ, ലത, റിൻസ് മുഹമ്മദ്, വിഷ്ണു, സിറാജുദ്ദീൻ, കല്യാണി, ആരോമൽ തുടങ്ങിയവർ ശുചീകരണത്തിന് നേതൃത്വം നൽകി.

Leave a comment