06-10-2023

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് ട്രെയിനും യാത്രക്കാർ ഏറ്റെടുത്തു കഴിഞ്ഞു. ടിക്കറ്റുകൾ അതിവേഗമാണ് വിറ്റുതീരുന്നത്. ആഴ്ചയിൽ ആറുദിവസം ആലപ്പുഴവഴി കാസർകോഡ് നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമാണ് രണ്ടാം വന്ദേ ഭാരത് സർവീസ് നടത്തുന്നത്. ആലപ്പുഴ കടന്നുപോകുന്നതിനാലും കാസർകോടുവരെ സർവീസ് നടത്തുന്നതിനാലും നിറയെ യാത്രക്കാരുമായാണ് ട്രെയിൻ യാത്ര തുടരുന്നത്.
നിറയെ യാത്രക്കാരുമായി യാത്ര തുടരുമ്പോഴും പുതിയ വന്ദേ ഭാരത് ഒരാഴ്ചയ്ക്കിടെ നിന്നത് രണ്ടുതവണയാണ് ‘വഴിയിൽ നിന്നത്’. ശുചിമുറിയിൽ കയറി യാത്രക്കാരൻ പുകവലിച്ചതാണ് ഇതിനുകാരണം. സ്‌മോക് ഡിറ്റക്ഷൻ സെൻസറുകളോടെയാണ് പുതിയ വന്ദേ ഭാരത് പുറത്തിറക്കിയിരിക്കുന്നത്. ശുചിമുറികളിലും ഈ സെൻസറുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതറിയാതെ യാത്രക്കാർ ശുചിമുറിയിൽ കയറി പുകവലിക്കുന്നതോടെയാണ് ട്രെയിനുകൾ യാത്രയ്ക്കിടെ നിൽക്കുന്നത്.
പുകവലിക്കുന്നതോടെ ട്രെയിനിൽ ഉയരുന്ന പുക സെൻസറുകൾ പിടിച്ചെടുക്കും. അളവിൽ കൂടുതൽ പുകയാണ് ഉയരുന്നതെങ്കിൽ സെൻസറുകൾ ഓണാകുകയും ലോക്കോ പൈലറ്റിൻ്റെ ക്യാമ്പിനിലെ ഡിസ്പ്ലേയിൽ വിവരമറിയും. ഏത് കോച്ചിൽ നിന്ന്, എവിടെ നിന്നാണ് പുക ഉയരുന്നതെന്ന് ഡിസ്പ്ലേയിൽ തെളിയും. അലാറം മുഴങ്ങുകയും ചെയ്യും.
അലാറം മുഴങ്ങിയാലുടൻ ട്രെയിൻ നിർത്തണമെന്നാണ് ലോക്കോ പൈലറ്റിന് ലഭിച്ചിരിക്കുന്ന നിർദേശം. സാങ്കേതിക വിഭാഗം ജീവനക്കാർ ട്രെയിനിൽ പരിശോധന നടത്തി എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണം. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തീ ഇല്ലെന്നും ട്രെയിൻ സുരക്ഷിതമാണെന്നും ഉറപ്പുവരുത്തണം. ഇതനുസരിച്ച് ലോക്കോ പൈലറ്റിന് സന്ദേശം കൈമാറണം. ഈ വിവരം ലഭിച്ചാൽ മാത്രമേ ലോക്കോ പൈലറ്റ് ട്രെയിൻ വീണ്ടും സ്റ്റാട്ട് ചെയ്യൂ.
പുക വലിച്ചയാളെ കണ്ടെത്തിയാൽ ഇയാളിൽ നിന്ന് വൻതുക പിഴയായി ഈടാക്കും. നിലവിലെ ഐസിഎഫ് കോച്ചുകളിലെ എസി കമ്പാർട്ടുമെൻ്റിൽ സ്മോക്ക് ഡിറ്റക്ഷൻ സെൻസറുകൾ ഘടിപ്പിച്ചിട്ടുണ്ട്. നിലവിൽ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ എൽഎച്ച്ബി കോച്ചുകളിലെ ശുചിമുറിയിലും സെൻസറുകൾ സ്ഥാപിച്ചിട്ടുണ്ട്. ട്രെയിനിലെ തീപിടുത്തം മുൻകൂട്ടി തിരിച്ചറിഞ്ഞ് അപകടം ഒഴിവാക്കാനാണ് സെൻസറുകൾ സ്ഥാപിച്ചിരിക്കുന്നത്.

Leave a comment