റേഷൻ കാർഡ്, റേഷൻ കടകൾ സംബന്ധിച്ച പരാതികളും അപേക്ഷകളും സമർപ്പിക്കാൻ അവസരം

06-10-2023

തിരുവനന്തപുരം: റേഷൻ കാർഡ്, റേഷൻ കടകൾ സംബന്ധിച്ച പരാതികളും അപേക്ഷകളും സമർപ്പിക്കാൻ അവസരം. പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ആവിഷ്കരിക്കുന്ന ‘തെളിമ’ എന്ന പദ്ധതി പ്രകാരമാണ് അവസരം. റേഷൻ കാർഡ് ഉടമകൾക്ക് റേഷൻ കാർഡ്, റേഷൻ കട, സംബന്ധമായ അപേക്ഷകളും പരാതികളും സമർപ്പിക്കാം. അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാം.

റേഷൻ കടകളിൽ സ്ഥാപിച്ചിരിക്കുന്ന ഡ്രോപ്പ് ബോക്സിൻ പരാതികളും അപേക്ഷകളും നിക്ഷേപിക്കാം. നവംബർ പതിനഞ്ചുമുതൽ ഡിസംബർ പതിനഞ്ചുവരെയാണ് വിവരങ്ങൾ നിക്ഷേപിക്കാൻ കഴിയുക. റേഷൻ കാർഡിലെ അംഗങ്ങളുടെ പേരുവിവരങ്ങൾ, ഇനിഷ്യൽ, മേൽവിലാസം, കാർഡ് ഉടമയുമായുള്ള ബന്ധം, അംഗങ്ങളുടെ തൊഴിൽ, എൽപിജി വിവരങ്ങൾ എന്നിവയിൽ തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ പരിഹരിക്കാൻ അപേക്ഷ നൽകാം.

റേഷൻ കാർഡുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വരുമാനം, വീടിൻ്റെ – വാഹനങ്ങളുടെ വിവരം എന്നിവയിൽ മാറ്റം വരുത്തുന്നതിനുള്ള അപേക്ഷകൾ ‘തെളിമ’ പദ്ധതിയുടെ ഭാഗമായി സ്വീകരിക്കില്ല. ഇത്തര അപേക്ഷകൾ അക്ഷയ സെൻ്ററുകൾ, സിറ്റിസൺ ലോഗിൻ മുഖേനെ ഓൺലൈനായി മാത്രമാകും സ്വീകരിക്കുക. ആവശ്യമായ രേഖകൾ സഹിതമാകണം അപേക്ഷ സമർപ്പിക്കാൻ.

റേഷൻ കടകളിൽ നിന്ന് ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം, അളവ് സംബന്ധിച്ച പരാതികളും ലൈസൻസി – സെയിൽസ്മാൻ എന്നിവരുടെ പെരുമാറ്റം സംബന്ധിച്ച പരാതികളും അറിയിക്കാം. റേഷൻകട നടത്തിപ്പുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാം. അനധികൃതമായി മുൻഗണനാ കാർഡുകൾ കൈവശം വെക്കുന്നവരുടെ വിവരങ്ങളും നൽകാം. പദ്ധതിയിലൂടെ മുന്‍ഗണനാ വിഭാഗം കാര്‍ഡുകള്‍ക്കു വേണ്ടിയുള്ള അപേക്ഷ സ്വീകരിക്കുന്നതിന് നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനത്തെക്കുറിച്ച് അറിവില്ലാത്തതിനാല്‍ യഥാസമയം അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.

2025ഓടെ സംസ്ഥാനത്തെ 2000 റേഷന്‍ ഷോപ്പുകള്‍ കെ-സ്റ്റോറുകളാക്കി മാറ്റുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍.അനില്‍. മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കി കേരളത്തിലെ പൊതുവിതരണ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ പദ്ധതിയാണ് കെ സ്റ്റോറുകള്‍. നവ കേരളത്തിന്റെ നവീന റേഷന്‍ഷോപ്പുകളാണ് കെ സ്റ്റോറുകള്‍. പഴയ റേഷന്‍കടകളുടെ ഭൗതിക സാഹചര്യങ്ങളുയര്‍ത്തി മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉറപ്പാക്കി റേഷന്‍ കടകളെ ജനസൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റിയത് ഈ സര്‍ക്കാര്‍ ചെയ്ത പ്രധാന കാര്യങ്ങളിലൊന്നാണ്.

ശബരി ഉല്‍പ്പന്നങ്ങള്‍, മില്‍മ ഉല്‍പ്പന്നങ്ങള്‍, യൂട്ടിലിറ്റി പെയ്‌മെന്റ്‌സ്, ഛോട്ടുഗ്യാസ്, 10,000 രൂപ വരെയുള്ള ബാങ്കിംഗ് സേവനങ്ങള്‍ എന്നിവ കെ സ്റ്റോറുകളിലൂടെ ലഭ്യമാകും. കൂടാതെ വ്യവസായ വകുപ്പിന്റെ 96 എം.എസ്.എം.ഇ ഉത്പ്പന്നങ്ങള്‍, കൃഷി വകുപ്പിന്റെ വിവിധ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍, കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ എന്നിവയും കെ-സ്റ്റോറുകളിലൂടെ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started