06-10-2023

വക്കം: മാർക്കറ്റുകളെല്ലാം ഹൈടെക്കാകുമ്പോഴും അടിസ്ഥാനസൗകര്യങ്ങൾ പൊലുമില്ലാതെ വക്കത്തെ പൊതു മാർക്കറ്റ്. സൗകര്യങ്ങൾ ഒന്നുമില്ലാത്ത മാർക്കറ്റിൽ വ്യാപാരികളും സാധനങ്ങൾ വാങ്ങാനെത്തുന്നവരും ഇവിടേക്ക് തിരിഞ്ഞുനോക്കാറില്ല. വ്യാപാരികൾക്ക് കച്ചവടത്തിനായി കെട്ടിയ ഷെഡുകളെല്ലാം നാശത്തിന്റെ വക്കിലാണ്. രാവിലെ പച്ചക്കറിവിൽക്കുന്ന രണ്ടോ മൂന്നോ പേരെ ഒഴിച്ചാൽ വേറാരും ഈ പരിസരത്തേക്ക് വരാറില്ല. നിലവിൽ ഹരിത കർമ്മ സേനയുടെ പ്ലാസ്റ്റിക് മാലിന്യങ്ങളും സമീപത്തെ കടകളിലെ മാലിന്യങ്ങളും കൊണ്ടിടുന്ന സ്ഥലമായി മാർക്കറ്റ് മാറിക്കഴിഞ്ഞു. വക്കത്തെ കയർ വ്യവസായം സജീവമായിരുന്ന കാലത്ത് രാവിലെ മുതൽ രാത്രി വരെ മാർക്കറ്റിൽ കച്ചവടമുണ്ടായിരുന്നു. മത്സ്യവും പച്ചക്കറികളും പരമ്പരാഗത ഉത്പന്നങ്ങളും ഉൾപ്പെടെ നിരവധി സാധനങ്ങളാണ് മാർക്കറ്റിൽ കച്ചവടത്തിനായി എത്തിയിരുന്നത്. അഞ്ചുതെങ്ങിൽ നിന്നും പിടിക്കുന്ന മായം ചേർക്കാത്ത മത്സ്യം ലഭിക്കുമെന്ന സ്ഥലമായിരുന്നു ഒരുകാലത്ത് വക്കം മാർക്കറ്റ്.
മാലിന്യവും
മഴപെയ്താൽ മാർക്കറ്റിനുള്ളിൽ കയറാൻ പോലും പറ്റില്ല. മലിനജലം ഒഴികിപ്പോകാതെ മാർക്കറ്റിൽ കെട്ടിക്കിടക്കും. സമീപത്തെ കടകളിലെ മാലിന്യങ്ങളെല്ലാം മാർക്കറ്റിനുള്ളിലാണ് നിക്ഷേപിക്കുന്നത്. ഇതോടെ തെരുവ് നായ്ക്കളുടെ ശല്യവും രൂക്ഷമായി. മാർക്കറ്റിനുള്ളിൽ മാലിന്യം കൂടിയതോടെ വ്യാപാരികൾ മാർക്കറ്റിന് വെളിയിലിരുന്നാണ് കച്ചവടം ചെയ്യുന്നത്.
കെട്ടിടവും അനാഥം
മാർക്കറ്റിന്റെ വികസനത്തിനും കച്ചവടക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി 2017ൽ പഞ്ചായത്ത് മാർക്കറ്റിനോട് ചേർന്ന് നിർമ്മിച്ച മൂന്ന് നിലയുള്ള ഷോപ്പിംഗ് സമുച്ചയവും കെട്ടിടവും പ്രവർത്തനം തുടങ്ങാതെ നാശത്തിന്റെ വക്കിലായിരിക്കുകയാണ്.
പണി പൂർത്തിയാകാതെ ഉദ്ഘാടനം നടത്തിയ കെട്ടിടത്തിന്റെ പല ഭാഗത്തും ഇതിനോടകം വിള്ളലുകൾ വീണു കഴിഞ്ഞു.
നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കി കെട്ടിടം പ്രവർത്തനസജ്ജമായിരുന്നെങ്കിൽ പഞ്ചായത്തിന്റെ പ്രധാന വരുമാന മാർഗ്ഗങ്ങളിലൊന്നാകുമായിരുന്നു.

Leave a comment