ഉദ്ഘാടനത്തിലൊതുങ്ങി ആറ്റിങ്ങലിലെ വനിതാ ഹോസ്റ്റൽ

05-10-2023

ആറ്റിങ്ങൽ: അന്യനാട്ടിൽ നിന്ന് ജോലിക്കും വിദ്യാഭ്യാസത്തിനുമായി ആറ്റിങ്ങലിലെത്തിയ സ്ത്രീകൾക്ക് കുറഞ്ഞ ചെലവിൽ താമസിക്കാൻ നിർമ്മിച്ച വനിതാ ഹോസ്റ്റലിന്റെ പ്രവർത്തനം ഉദ്ഘാടനത്തിലൊതുങ്ങി.

ആറ്റിങ്ങൽ വലിയകുന്ന് പോളിടെക്നിക്കിന് സമീപം ജനകീയാസൂത്രണ പദ്ധതി പ്രകാരം 42 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച വനിതാഹോസ്റ്റലിനാണ് ഈ ദുർഗതി. ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വർഷം കഴിഞ്ഞിട്ടും ഹോസ്റ്റൽ തുറന്നുകൊടുക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല.
ഹോസ്റ്റൽ നടത്തിപ്പിനു വേണ്ട ജീവനക്കാരെ ആര് കണ്ടെത്തണമെന്ന ആശയക്കുഴപ്പം നഗരസഭയിലുണ്ടായി. പിന്നീട് ആരും ഒന്നും മിണ്ടിയതുമില്ല. അടഞ്ഞുകിടക്കുന്ന കെട്ടിടം കാലപ്പഴക്കം കൊണ്ട് ജീർണിച്ചിട്ടുണ്ട്. ജീവനക്കാരുടെ ശമ്പളമടക്കം ഇതൊന്നും നഗരസഭയ്ക്ക് താങ്ങാൻ കഴിയുന്നതല്ല. ഇതിനിടെ ഹോസ്റ്റലിന്റെ നടത്തിപ്പ് ചുമതല കുടുംബശ്രീക്ക് കൈമാറാൻ നിർദ്ദേശമുണ്ടായി.എന്നാൽ നഗരസഭ രേഖാമൂലം കൈമാറാതെ കുടുംബശ്രീ ഏറ്റടുക്കാനും തയ്യാറല്ല. ശീതസമരങ്ങളിൽ ഹോസ്റ്റൽ കെട്ടിടവും താമസവും അനാഥമാകുന്നു.

ഹോസ്റ്റൽ നിർമ്മാണച്ചെലവ് – 42 ലക്ഷം രൂപ

ഉദ്ഘാടനം കഴിഞ്ഞത് – 2020ൽ

സൗകര്യം 

20 പേർക്ക് താമസിക്കാനുള്ള സൗകര്യമാണ് ഹോസ്റ്റലിൽ ഒരുക്കിയിരിക്കുന്നത്.

പ്രയോജനമില്ലാതെ

സ്വകാര്യ ഹോസ്റ്റലുകളിൽ നിന്നുള്ള വൻ ചെലവ് ഒഴിവാക്കാൻ കഴിയുമെന്ന നിഗമനത്തിലാണ് നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം 2017-18 വർഷം ഹോസ്റ്റൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

നിർമ്മാണം പൂർത്തിയാക്കിയ ഹോസ്റ്റൽ 2020ൽ ഉദ്ഘാടനവും ചെയ്തു. പിന്നീട് ഹോസ്റ്റലിന്റെ കവാടം തുറന്നിട്ടുമില്ല.

നിരവധി നൂലാമാലകൾ

വൈദ്യുതി, വാട്ടർ ബില്ലുകളും നിലവിൽ കുടിശ്ശികയുണ്ട്. ഹോസ്റ്റൽ നടത്തിപ്പിന് ജീവനക്കാർ മാത്രം പോര, ഭക്ഷണം പാചകം ചെയ്യുവാൻ പാത്രങ്ങൾ, വലിയ അടുപ്പ്, ഗ്യാസ് കണക്ഷൻ,അംഗങ്ങൾക്ക് വിളമ്പാൻ പാത്രങ്ങൾ, ജലസംഭരണി അങ്ങനെ നീളുന്നു ആവശ്യങ്ങളുടെ പട്ടിക.

ദുരിതാശ്വാസ ക്യാമ്പ്

മഴക്കാലത്ത് വെള്ളപ്പൊക്കഭീഷണി നേരിടുന്ന സ്ഥലങ്ങളിലെ ആളുകളെ പാർപ്പിക്കാൻ ക്യാമ്പായി നിരവധി തവണ ഇവിടം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ഹോസ്റ്റൽ പരിസരം കാടുകയറിയ നിലയിലാണ്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started