04-10-2023

കഴക്കൂട്ടം: വീടിനു ചുറ്റും വെള്ളം കയറിയതോടെ സ്പൈനൽ മസ്കുലർ അട്രോഫി രോഗം ബാധിച്ച് വീൽചെയറിൽ കഴിയുന്ന പതിനൊന്നുകാരനെ ആശുപത്രിയിലോ സ്‌കൂളിലോ കൊണ്ടുപോകാനാകാതെ മാതാപിതാക്കൾ. തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ ആക്കുളം പെരിങ്കോട്ടുനടയിലാണ് അതിദയനീയമായ ഈ കാഴ്ച.
കഴിഞ്ഞ ഏതാനും ദിവസമായി പെയ്യുന്ന തോരാത്ത മഴയിൽ പ്രധാന റോഡിൽനിന്ന് ഈ വീട്ടിലേക്ക് പോകുന്ന ഇടറോഡിൽ മുട്ടിന് മുകളിൽ വെള്ളക്കെട്ടാണ്. റോഡിൽനിന്ന് ഏകദേശം ഒരു കിലോമീറ്റർ വെള്ളക്കെട്ടിലൂടെ സഞ്ചരിച്ചാൽ മാത്രമേ ഈ വീട്ടിലെത്താനാകൂ. പനി ബാധിച്ച മകനെ ആശുപത്രിയിൽ എത്തിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് മാതാപിതാക്കൾ.
പ്രദേശത്ത് ഈ കുടുംബത്തെ കൂടാതെ മറ്റ് നാല് കുടുംബങ്ങൾ കൂടി താമസിക്കുന്നുണ്ട്. ഇവർക്കാർക്കും പുറത്തിറങ്ങി ആഹാര സാധനങ്ങൾ പോലും വാങ്ങിക്കാൻ കഴിയുന്നില്ല. മഴവെള്ളം ശരിയായി ഒഴുകിപ്പോകാനുള്ള വഴി അടഞ്ഞതിനാലാണ് ഇത്രയും വെള്ളക്കെട്ടിന് കാരണമെന്നാണ് വീട്ടുകാർ പറയുന്നത്. ബണ്ട് പൊട്ടി വെള്ളം ഒഴുകുന്നതാണ് കാരണമെന്നാണ് ആക്കുളം വാർഡ് കൗൺസിലർ സുരേഷിന്റെ മറുപടി.
ബണ്ട് നിർമിക്കുന്നതുവരെ മഴ പെയ്താൽ ഇത്തരത്തിൽ വെള്ളം കയറുമെന്നാണ് കൗൺസിലർ പറയുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇതുതന്നെയാണ് ഇവിടുത്തെ അവസ്ഥ. മാറിമാറി വരുന്ന ജനപ്രതിനിധികൾ വാഗ്ദാനങ്ങൾ മാത്രം നൽകി തിരികെ പോകുന്നുവെന്ന് നാട്ടുകാരും പറയുന്നു.

Leave a comment