തിരുവനന്തപുരം ജില്ലയിൽ ദുരിതാശ്വാസ ക്യാംപികൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.

04-10-2023

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ദുരിതാശ്വാസ ക്യാംപികൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം താലൂക്കിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന കൊഞ്ചിറവിള യുപിഎസ്, വെട്ടുകാട് എൽപിഎസ്, ഗവ. എംഎൻ എൽപിഎസ് വെള്ളായണി എന്നീ സ്‌കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച് ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവിറക്കി.

ജില്ലയിൽ രണ്ടുദിവസം ശക്തമായ പെയ്ത മഴയ്ക്ക് ഇന്ന് ശമനം ഉണ്ടായി. എന്നാൽ, ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജില്ലയിൽ യെല്ലോ അലേർട്ട് തുടരുകയാണ്. മഴയെ തുടർന്ന് വെള്ളക്കെട്ട് രൂപപ്പെട്ടയിടങ്ങളിൽ ദുരിതം തുടരുകയാണ്. വീടുകൾക്കു ചുറ്റം വെള്ളം കയറിയതോടെ അവശ്യസാധനങ്ങൾ വാങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയുണ്ട്. രോഗികളുള്ള കുടുംബങ്ങൾക്കും ദുരിതം ഇരട്ടിയാണ്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴയില്‍ ജില്ലയിലെ ആറ് താലൂക്കുകളിലായി 23 വീടുകള്‍ ഭാഗികമായി തകര്‍ന്നു. സെപ്റ്റംബര്‍ 29 മുതല്‍ ഇന്നലെ വരെ പെയ്ത മഴയില്‍ നെടുമങ്ങാട് താലൂക്കിലെ 11 വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. ചിറയിന്‍കീഴ്, വര്‍ക്കല, കാട്ടാക്കട താലൂക്കുകളില്‍ നാല് വീതം വീടുകള്‍ക്കും ഭാഗികമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.

ഒക്ടോബര്‍ ഒന്നിന് വിതുര പൊന്നാംചുണ്ട് പാലത്തിന് സമീപം വാമനാപുരം നദിയില്‍ കാണാതായ വിതുര സ്വദേശി സോമനെ (58) കണ്ടെത്താനുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ശക്തമായ മഴയില്‍ ജില്ലയില്‍ 43.57 ലക്ഷത്തിന്റെ കൃഷിനാശമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. 133 കര്‍ഷകരുടെ 6.89 ഹെക്ടറിലുള്ള വിവിധ കാര്‍ഷിക വിളകള്‍ നശിച്ചു.

ഏറ്റവും കൂടുതല്‍ കൃഷിനാശമുണ്ടായത് നെയ്യാറ്റിന്‍കര ബ്ലോക്കിലാണ്. ഇവിടെ 1.40 ഹെക്ടറില്‍ 21 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടായി. ആര്യന്‍കോട് ആറ് ലക്ഷം രൂപയുടെയും കാട്ടാക്കട 62,000 രൂപയുടെയും പാറശാലയില്‍ 10 ലക്ഷം രൂപയുടെയും പുളിമാത്ത് 2.40 രൂപയുടെയും വാമനാപുരത്ത് 3.55 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായതായി കൃഷി വകുപ്പ് അറിയിച്ചു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started