04-10-2023

കടയ്ക്കാവൂർ: അഞ്ചുതെങ്ങ് പഞ്ചായത്തിൽ ഹരിതകർമ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിക്കാൻ കളക്ഷൻ കേന്ദ്രങ്ങളില്ലാത്തത് തിരിച്ചടിയാകുന്നു. ഓരോ വാർഡിൽ നിന്നും ഹരിതകർമ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിക്കാൻ സ്ഥിരം സംവിധാനം ഇല്ലാത്തതാണ് വെല്ലുവിളിയാകുന്നത്. നിലവിൽ ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ ശേഖരിക്കുന്ന മാലിന്യങ്ങൾ പ്രദേശത്തെ പാതയോരങ്ങളിലും സ്വകാര്യവ്യക്തികളുടെ പുരയിടങ്ങളിലും പൂട്ടിക്കിടക്കുന്ന സൊസൈറ്റികളിലും മറ്റുമായി സൂക്ഷിക്കേണ്ട അവസ്ഥയാണ്.
സമീപ ഗ്രാമപഞ്ചായത്തുകളിൽ മാലിന്യം ശേഖരിക്കാൻ പ്രത്യേകം സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇരുമ്പ് കമ്പികളാൽ തീർത്ത മിനി എം.സി.എഫ് സംവിധാനങ്ങൾ അടച്ച് സൂക്ഷിക്കാൻ കഴിയുന്നവയാണ്. അതുകൊണ്ടുതന്നെ തെരുവുനായ്ക്കൾ ഉൾപ്പെടെയുളളവയുടെ ശല്യം ഒഴിവാക്കാനും കഴിയും. എന്നാൽ അഞ്ചുതെങ്ങ് പഞ്ചായത്തിൽ ഇത്തരത്തിലുളള സംവിധാനങ്ങൾ വിരലിലെണ്ണാവുന്നവ മാത്രമാണുള്ളത്. ഓരോ വാർഡുകളിലും ഇത്തരം സംവിധാനം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമാണുള്ളത്.നിലവിൽ പ്ലാസ്റ്റിക് മാലിന്യശേഖരണത്തിന്റെ അഞ്ചുതെങ്ങ് പഞ്ചായത്തിന്റെ പ്രധാന കളക്ഷൻ സെന്ററായി പ്രവർത്തിക്കുന്നത് കായിക്കര കയർ സൊസൈറ്റിയാണ്. എന്നാൽ വാർഡുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ദിനംപ്രതി ഈ മെയിൻ സെന്ററിലേക്കോ മെറ്റീരിയൽ റിക്കവറി ഫെസിലിറ്റിയിലേക്കോ ആകും കൊണ്ടുപോകുക. അതും മാസങ്ങളോളം പൊതുനിരത്തുകൾ മാലിന്യപ്പെടുത്തിയശേഷം മാത്രം. അതിനാൽ മാലിന്യശേഖരം സൂക്ഷിക്കാൻ സ്ഥിരം സംവിധാനമില്ലാത്തതിന് ഉടൻ പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലെ 2,7,10 വാർഡിലൊഴികെ മറ്റ് 11 വാർഡുകളിൽ മാലിന്യം സൂക്ഷിക്കാനുളള ബോക്സുകൾക്ക് സ്ഥലം കണ്ടെത്താൻ സാധിക്കാത്തതിനാൽ കളക്ഷൻ സെന്ററുകൾ സ്ഥാപിക്കാൻ കഴിയാത്ത അവസ്ഥയാണെന്നാണ് അധികൃതർ പറയുന്നത്.
കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പത്ത് മുതൽ 40 വരെ അംഗങ്ങളുള്ള ഒരു സംരംഭമാണ് ഹരിതകർമ്മ സേന. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനം നിശ്ചയിക്കുന്ന യൂസർഫീ അനുസരിച്ച് വൃത്തിയാക്കിയ അജൈവ മാലിന്യങ്ങൾ ശേഖരിച്ച് എം.സി.എഫിൽ എത്തിക്കുകയാണ് ഇവരുടെ പ്രധാന ജോലി.
റിസോഴ്സ് റിക്കവറി ഫെസിലിറ്റിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊടിച്ച് റോഡ് ടാറിംഗിനുപയോഗിക്കുകവഴി പ്ലാസ്റ്റിക് മാലിന്യം പുനരുപയോഗം ചെയ്യാനും പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും ഹരിതകർമ്മ സേനയുടെ പ്രവർത്തനത്തിലൂടെ സാധിക്കുന്നു.

Leave a comment