ശക്തമായ മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിൽ നാളെയും മറ്റന്നാളും നടത്താനിരുന്ന പിഎസ്‍സി പരീക്ഷ മാറ്റിവെച്ചു.

03-10-2023

തിരുവനന്തപുരം: ശക്തമായ മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിൽ നാളെയും മറ്റന്നാളും നടത്താനിരുന്ന പിഎസ്‍സി പരീക്ഷ മാറ്റിവെച്ചു. അസി. പ്രിസണർ ഓഫീസർ കായികക്ഷമതാ പരീക്ഷയാണ് മാറ്റിവെച്ചത്. മറ്റു ജില്ലകളിലെ പരീക്ഷകൾക്ക് മാറ്റമില്ല.

ജില്ലയിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ച ഓറഞ്ച് അലേർട്ട് തുടരുകയാണ്. ഇന്നലെ രാത്രി തുടങ്ങിയ മഴ ഇന്നും തോരാതെ പെയ്യുകയാണ്. നഗരപ്രദേശങ്ങളിൽ പലയിടങ്ങളിലായി വെള്ളക്കെട്ട് രൂപപ്പെടുകയും താഴ്ന്നപ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തു. തമ്പാനൂർ ബസ് സ്റ്റാൻഡിനു മുന്നിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. മഴയെ തുടർന്ന് നഗരത്തിൽ ഗതാഗതക്കുരുക്കും രൂക്ഷമായി

ശക്തമായ മഴ പെയ്യുന്ന മലയോരമേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ ആളുകൾ തയ്യാറാകണം. നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ലെന്നും നിർദേശമുണ്ട്. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started