തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു

03-10-2023

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു (Thiruvananthapuram School Holiday). ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് അവധി.

പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. എല്ലാവരും ജാഗ്രത പാലിക്കണമെന്നും കളക്ടറുടെ നിർദേശമുണ്ട്. മഴയെ തുടർന്ന് ജില്ലയിൽ നാളെയും മറ്റന്നാളും നടത്താനിരുന്ന പിഎസ്സി പരീക്ഷയും മാറ്റിവെച്ചിട്ടുണ്ട്. അസി. പ്രിസണർ ഓഫീസർ കായികക്ഷമതാ പരീക്ഷയാണ് മാറ്റിവെച്ചത്.

ജില്ലയിൽ ഇന്നലെ ആരംഭിച്ച മഴ ഇന്നും തോരാതെ തുടരുകയാണ്. മഴ ശക്തമായതോടെ നഗരത്തിലടക്കം വെള്ളക്കെട്ടും രൂക്ഷമാണ്. താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. തമ്പാനൂർ ബസ് സ്റ്റാൻഡിനു മുന്നിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് കാൽനടയാത്രികരെ ബുദ്ധിമുട്ടിലാക്കി. വെള്ളക്കെട്ടിനെ തുടർന്ന് ഗതാഗതക്കുരുക്കും രൂക്ഷമായിട്ടുണ്ട്. മഴ മൂലം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിൽ നടക്കാനിരുന്ന ലോകകപ്പ് ക്രിക്കറ്റ് സന്നാഹമത്സരം ഉപേക്ഷിച്ചു. ഇന്ത്യ – നെതര്‍ലന്‍ഡ്‌സ് മത്സരമാണ് ഉപേക്ഷിക്കേണ്ടി വന്നത്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started