ഓടിക്കൊണ്ടിരിക്കെ വെള്ളയമ്പലം ജംഗ്ഷനിൽ പൊലീസ് വാഹനത്തിന് തീപിടിച്ചു

തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കെ വെള്ളയമ്പലം ജംഗ്ഷനിൽ പൊലീസ് വാഹനത്തിന് തീപിടിച്ചു. ഇന്നലെ വൈകിട്ട് ആറിനാണ് സംഭവം. സ്‌പെഷ്യൽ ബ്രാഞ്ച് ഡെപ്യൂട്ടി കമാൻഡറായ സുജിത്തിന്റെ ഔദ്യോഗിക വാഹനമായ കെ.എൽ 01ബി.ക്യൂ1767 നമ്പർ മഹീന്ദ്ര സൈലോയാണ് തീപിടിച്ചത്. രാജാജി നഗറിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റെത്തി തീഅണച്ചു.

വണ്ടിയിലുണ്ടായിരുന്ന ഡ്രൈവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. വണ്ടിയുടെ മുൻവശത്തു നിന്ന് പുക ഉയരുന്നതുകണ്ട് സംശയം തോന്നിയ ഡ്രൈവർ വണ്ടി നിറുത്തി ഇറങ്ങിയശേഷം വാഹനത്തിന്റെ മുൻഭാഗം ഉയർത്തി പരിശോധിക്കുന്നതിനിടെ തീ പെട്ടെന്ന് ആളിപ്പടരുകയായിരുന്നു. എ.സിയിൽ നിന്നുള്ള വാതകച്ചോർച്ചയാകാം കാരണമെന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമിക നിഗമനം. സംഭവ സമയം സ്‌പെഷ്യൽ ബ്രാഞ്ച് ഡെപ്യൂട്ടി കമാൻഡർ വാഹനത്തിലുണ്ടായിരുന്നില്ല. തീപടരുന്നതു കണ്ട് ഡ്രൈവർ ഓടി രക്ഷപ്പെട്ടു.

അപകടത്തിൽ വാഹനം പൂർണമായും നശിച്ചു. ഗതാഗതത്തിരക്കുള്ള സമയത്ത് തീപിടിത്തമുണ്ടായതോടെ മ്യൂസിയം പൊലീസെത്തി വാഹനങ്ങൾ നിയന്ത്രിച്ചശേഷമാണ് ഫയർഫോഴ്സിന് അവിടെ എത്താനായത്. അപകടത്തെ തുടർന്ന് വെള്ളയമ്പലത്ത് ഗതാഗതക്കുരുക്കുണ്ടായി. കത്തിയ വാഹനം മറ്റൊരു സ്ഥലത്തേക്ക് ക്രെയിൻ ഉപയോഗിച്ച് മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണമുണ്ടാകുമെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു.

രാജാജി നഗറിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റിലെ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എസ്.ജയകുമാറിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ ചന്ദ്രൻ,ജസ്റ്റിൻ,സനിത്ത്,ശരത്ത് എന്നിവരടങ്ങിയ സംഘമാണ് തീഅണച്ചത്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started