ക്രിമിനൽക്കേസ് പ്രതിയെ വെട്ടിക്കൊന്നു

prathi

ആറ്റിങ്ങൽ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ റബ്ബർ തോട്ടത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ആലംകോട് മണ്ണൂർഭാഗം കാട്ടിൽ വീട്ടിൽ പൊടിയൻ-അംബി ദമ്പതികളുടെ മകനായ സുജിയുടെ മൃതദേഹമാണ് (32) ആലംകോട് മേലാറ്റിങ്ങൽ ശങ്കരമംഗലം ക്ഷേത്രത്തിനു സമീപം വാമനപുരം നദിയോടു ചേർന്നുള്ള റബ്ബർ തോട്ടത്തിൽ കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് സുജിയുടെ സുഹൃത്തുക്കളായ കീഴാറ്റിങ്ങൽ സ്വദേശികളായ കടകംപള്ളി ബിജു, ആറ്റിങ്ങൽ കരിച്ചയിൽ സ്വദേശി അനീഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സുജിയുടെ മൃതദേഹത്തിൽ വെട്ടുകത്തിക്ക് വെട്ടിയതിന്റെ പാടുകളുണ്ട്. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇന്നലെ രാവിലെ 8ന് പുരയിടത്തിനു സമീപത്തുകൂടി നടന്നുപോയവരാണ് റബ്ബർ തോട്ടത്തിൽ മൃതദേഹം കണ്ടത്. തുടർന്ന് കടയ്‌ക്കാവൂർ പൊലീസിൽ വിവരമറിയിക്കുകയും പൊലീസും ഫോറൻസിക് ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സംഘം സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുകയുമായിരുന്നു.

സുജിക്കെതിരെ ആറ്റിങ്ങൽ,നഗരൂർ പൊലീസ് സ്റ്റേഷനുകളിലായി വധശ്രമം ഉൾപ്പെടെ മുപ്പതോളം ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിൽ ലഹരി ഉപയോഗത്തിനിടെയുണ്ടായ വാക്കുതർക്കവും വ്യക്തിവിരോധവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലിൽ പൊലീസിന് ലഭിച്ച വിവരം. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ആലംകോട് ഭാഗത്തു നിന്ന് ബിജുവിന്റെ ഓട്ടോയിൽ കൊല്ലപ്പെട്ട സുജിയും അനീഷും ആറ്റിങ്ങലിലെ ബാറിലെത്തി മദ്യപിച്ചു. തുടർന്ന് രാത്രി 9ഓടെ മേലാറ്റിങ്ങൽ ശങ്കരമംഗലം ക്ഷേത്രത്തിനു സമീപത്തുള്ള റബ്ബർ തോട്ടത്തിലെത്തി വീണ്ടും മദ്യപിക്കുന്നതിനിടെയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

സംഭവശേഷം രാത്രി 12ഓടെ ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു എതിർവശത്ത് ഓട്ടോ ഉപേക്ഷിച്ച് ഒളിവിൽപ്പോയ ബിജുവിനെയും അനീഷിനെയും ഇന്നലെ രാവിലെ 10ഓടെ കടയ്‌ക്കാവൂർ പൊലീസ് പിടികൂടുകയായിരുന്നു. ഉപേക്ഷിച്ച ഓട്ടോയിൽ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച് വെട്ടുകത്തി പൊലീസ് കണ്ടെത്തി. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഫോറൻസിക് തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started