ഞാൻ ഇറങ്ങുന്നു, വാതിൽ പൂട്ടിക്കോളൂ, ഭക്ഷണം വാങ്ങിവരാം

10-07-2023

വിഴിഞ്ഞം: വീടിന് വിളിപ്പാടകലെ 90 അടിയോളം താഴ്ചയിൽ അകപ്പെട്ടു കിടക്കുന്ന കിണർ നിർമ്മാണ തൊഴിലാളിയായ മഹാരാജന്റെ മടങ്ങി വരവിന് വേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് കുടുംബം. രക്ഷാപ്രവർത്തകരുടെ പ്രതീക്ഷകളെല്ലാം അസ്തമിച്ചെങ്കിലും വെങ്ങാനൂർ നെല്ലിയറത്തല വീട്ടിൽ ഭാര്യ സെൽവിയും മക്കളായ ബബിതയും സബിതയും പ്രതീക്ഷ മങ്ങാത്ത നിറകണ്ണുകളോടെ ഇരിക്കുന്ന കാഴ്ച ആരുടെയും മനസ് ഉലയ്ക്കും.

ശനിയാഴ്ച പുലർച്ചെ സെൽവി ഉറക്കം ഉണരുമ്പോൾ കാണുന്നത് ജോലിക്ക് പോകാനായി അരയിൽ തോർത്ത് മുറുകെ കെട്ടുന്ന മഹാരാജനെയാണ്. അതിനിടെ മകൾ ബബിതയെ വിളിച്ചുണർത്തി കുഞ്ഞിനെ നന്നായി പുതപ്പിക്ക് നല്ല തണുപ്പുണ്ടെന്നും പറഞ്ഞു. പിന്നാലെ ഭാര്യയോട് ഞാനിറങ്ങുന്നു, വാതിൽ പൂട്ടിക്കോളു, വൈകിട്ട് ഭക്ഷണം വാങ്ങി വരാമെന്നും പറഞ്ഞാണ് വീടിന്റെ പടികടന്നു പോയി. പിന്നീട് കേൾക്കുന്നത് മഹാരാജൻ ആഴങ്ങളിൽപ്പെട്ടുപോയെന്ന ഞെട്ടിക്കുന്ന വിവരമാണ്. ശനിയാഴ്ച മുതൽ വീട്ടിൽ എത്തുന്നവരോടെല്ലാം അച്ഛനെ കാണാൻ പോകണമെന്ന ആവശ്യമാണ് മക്കൾ പറയുന്നത്.

തമിഴ്നാട് സ്വദേശിയായ മഹാരാജനും സെൽവിയും കഴിഞ്ഞ 22 വർഷമായി ഇവിടെയാണ് താമസിക്കുന്നത്. പ്രദേശത്ത് വലിയൊരു സുഹൃത്ത് വലയത്തിനുടമയാണ് മഹാരാജൻ. ഞായറാഴ്ച ഉൾപ്പെടെ ജോലിക്ക് പോകും. ഫയർഫോഴ്സും നാട്ടുകാരും ഉറക്കമിളച്ച് പരിശ്രമിക്കുമ്പോഴും മഹാരാജൻ പതിവ് പോലെ ഭക്ഷണവുമായി മടങ്ങിയെത്തുന്നത് കാത്തിരിക്കുകയാണ് ഭാര്യയും മക്കളും.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started