
20-06-23
വർക്കല : ടൂറിസം-തീർഥാടന കേന്ദ്രങ്ങൾ തുടങ്ങിയവയുടെ പരിധിയിൽപ്പെടുന്ന പ്രധാന പോലീസ് സ്റ്റേഷനായ വർക്കലയിൽ ഒരു മാസത്തിലേറെയായി സ്റ്റേഷൻ ഹൗസ് ഓഫീസറില്ല.
പോലീസുകാരുടെ എണ്ണത്തിലും കുറവുണ്ട്. ഒരു വനിതാ എസ്.ഐ. ഉൾപ്പെടെ നാല് എസ്.ഐ.മാർ വേണ്ടിടത്ത് ഒരാൾമാത്രമാണുള്ളത്. വർക്കല പോലീസ് സബ് ഡിവിഷനിലെ ഏറ്റവും പ്രധാന സ്റ്റേഷനിലാണ് ഈ അവസ്ഥ. പ്രധാന ഉദ്യോഗസ്ഥരുടെ അഭാവവും അംഗബലമില്ലാത്തതും സ്‌റ്റേഷന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. ക്രമസമാധാന പാലനത്തിനും കേസന്വേഷണത്തിനും തടസ്സമാകുന്നു.
വർക്കല സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന എസ്.സനോജ് മേയ് 12 മുതൽ സസ്പെൻഷനിലായിരുന്നു. പകരം ജെ.എസ്.പ്രവീണിനെ ഇൻസ്പെക്ടറായി നിയോഗിച്ചെങ്കിലും ചുമതലയേറ്റിട്ടില്ല. അഞ്ചുതെങ്ങ് ഇൻസ്പെക്ടറിനാണ് ചുമതല നൽകിയിട്ടുള്ളത്. ഡിവൈ.എസ്.പി.ക്കും സ്ഥലംമാറ്റമുണ്ട്. മൂന്ന് എസ്.ഐ.മാരും ഒരു വനിതാ എസ്.ഐ.യുമാണ് സ്റ്റേഷനിൽ വേണ്ടത്. നിലവിൽ ഒരു എസ്.ഐ. മാത്രമാണുള്ളത്. രണ്ടാഴ്ച മുമ്പ് ഒരു എസ്.ഐ. സ്ഥലംമാറിപ്പോയി. ക്രമസമാധാന വിഭാഗവും കുറ്റാന്വേഷണ വിഭാഗവും കൈകാര്യംചെയ്യാൻ പ്രത്യേകം ഉദ്യോഗസ്ഥർ വേണമെന്നിരിക്കേയാണ് ആളില്ലാത്തത്.
സ്റ്റേഷനിൽ ഒരു വനിതാ എസ്.ഐ.യുടെ പോസ്റ്റ് അനുവദിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും നിയമിച്ചിട്ടില്ല. ട്രാഫിക് യൂണിറ്റുണ്ടെങ്കിലും ആളില്ലാത്തതിനാൽ പ്രവർത്തനമില്ല.
സ്റ്റേഷനിൽ ഉദ്യോഗസ്ഥരുൾപ്പെടെ 10 പേരുടെ കുറവ് നിലവിലുണ്ട്. മൂന്ന് ഗ്രേഡ് എസ്.ഐ.മാർക്ക് സ്ഥലംമാറ്റവുമായിട്ടുണ്ട്. പ്രതിമാസം ഇരുനൂറോളം കേസുകൾ റിപ്പോർട്ടുചെയ്യുന്ന സ്റ്റേഷനാണ് വർക്കല. ഓരോ മാസവും കേസുകളുടെ എണ്ണം വർധിക്കുകയാണ്. ടൂറിസം മേഖലയിൽ പോലീസിന്റെ ശക്തമായ സാന്നിധ്യം ആവശ്യമാണ്. ദിവസം രണ്ട് ടൂറിസം പോലീസുകാർ മാത്രമാണുള്ളത്.
സ്കൂളുകൾ തുറന്നതോടെ ഗതാഗതനിയന്ത്രണവും ലഹരിവിൽപ്പന അടക്കമുള്ളവയെക്കുറിച്ചുള്ള അന്വേഷണവുമുണ്ട്. കൂടാതെ മറ്റ് ഡ്യൂട്ടികൾക്കും പൈലറ്റ് ഡ്യൂട്ടിക്കും ആളെ വിട്ടുനൽകണം. ദിവസവും മുപ്പതിലധികംപേരുടെ സേവനം സ്റ്റേഷൻ പ്രവർത്തനത്തിന് ആവശ്യമാണ്. കേസുകളുടെ ബാഹുല്യം കാരണം ഡ്യൂട്ടിയിലുള്ളവർ ഉറക്കമില്ലാതെ പണിയെടുക്കേണ്ടിവരുന്നു.





Leave a comment