
16-06-23
ആറ്റിങ്ങൽ: ആറ്റിങ്ങൽ കോർട്ട് കോംപ്ലക്സിൽ പബ്ലിക്ക് കംഫർട്ട് സ്റ്റേഷൻ വേണമെന്ന ആവശ്യം ശക്തം. കുടുംബ കോടതിയടക്കം പ്രധാനമായ പത്തിലധികം കോടതികളാണ് ആറ്റിങ്ങൽ കോർട്ട് കോംപ്ലക്സിൽ നിലവിൽ പ്രവർത്തിക്കുന്നത്. ഇനിയും പുതിയ കോടതികൾ ഇവിടേക്ക് വരാനുമുണ്ട്. നിലവിൽ ഓരോ കോടതിയിലും ദിനംപ്രതി സ്ത്രീകളും രോഗികളും അടക്കം നൂറു കണക്കിനാളുകളാണ് വന്നു പോകുന്നത്. ഇവർക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറൻ പേരിനു പോലും ഒരു കംഫർട്ട് സ്റ്റേഷൻ ഇവിടെയില്ല. രാവിലെ കേസ് സംബന്ധമായി കോർട്ട് കോംപ്ലക്സിലെത്തുന്നവർ വൈകുന്നതു വരെ കാത്തിരിക്കണം. ഇവിടെ എത്തുന്നവർക്ക് ശങ്ക തീർക്കണമെങ്കിൽ തിരിച്ച് വീട്ടിലെത്തണം.
ടോയ്‌ലെറ്റും ഇല്ല
അറുനൂറോളം വരുന്ന അഭിഭാഷകർക്ക് ബാർ അസോസിയേഷൻ കെട്ടിടത്തിൽ പുരുഷന്മാർക്കായി ഒരു ബാത്ത് റൂം മാത്രം. വനിതാ അഭിഭാഷകർക്ക് മറ്റൊന്നുമുണ്ട്. കോടതികൾ കൂടി വരുന്നതിനനുസരണമായി അടിസ്ഥാന സൗകര്യങ്ങൾ ഇവിടെ അധികൃതർ ഒരുക്കുന്നില്ലെന്നാണ് പരക്കെയുള്ള ആക്ഷേപം. കുടുംബ കോടതിയിൽ എത്തുന്നവരിൽ ഏറിയ പങ്കും വനിതകളാണെന്ന പരിഗണനയും ഇവിടെയില്ല.
അസൗകര്യങ്ങൾ മാത്രം
രാവിലെ കോടതിയിൽ കേസിനായി എത്തുന്നവർ മിക്കപ്പോഴും വൈകിട്ടാണ് പിരിയുന്നത്. കോടതി ജീവനക്കാരുടെ കാര്യവും ഏറക്കുറെ ഇതുതന്നെ. ബാത്ത് റൂമിനു പുറമേ കോടതിയി എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനും പരിമിതികളാണ്. സമീപത്തെ ദേശീയ പാതയോരത്ത് ഇതിന് സൗകര്യമില്ല താനും.



Leave a comment