ഭർത്താവ് യുവതിയെ കൂട്ടിക്കൊണ്ടുപോകാനെത്തി..എസ് എ ടിക്ക് മുന്നിൽ ബന്ധുക്കൾ തമ്മിലടിച്ചു

beaten

12-06-2023

ഉള്ളൂർ: എസ്.എ.ടി ആശുപത്രിയിൽ നിന്ന് പ്രസവശേഷം ഡിസ്ചാർജ് ചെയ്‌ത യുവതിയെ കൂട്ടിക്കൊണ്ടുപോകാനെത്തിയ ഭർത്താവിന്റെ കുടുംബവും യുവതിയുടെ ബന്ധുക്കളും തമ്മിലടിച്ചു. ഇന്നലെ വൈകിട്ട് 5ഓടെയാണ് സംഭവം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഭർത്താവിന്റെ വീട്ടുകാരുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് കുറച്ചുനാളായി കോവളത്തുള്ള സ്വന്തം വീട്ടിലായിരുന്നു യുവതിയുടെ താമസം.

ഇന്നലെ ഡെലിവറി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായതോടെ കുണ്ടറ സ്വദേശിയായ ഭർത്താവ് യുവതിയെ കൂട്ടിക്കൊണ്ടുപോകാനെത്തി. എന്നാൽ യുവതിയെ ഭർത്താവിനൊപ്പം അയയ്ക്കുന്നതിൽ താത്പര്യമില്ലാതിരുന്ന ബന്ധുക്കൾ ഇത് ചോദ്യം ചെയ്‌തതോടെയാണ് കൈയാങ്കളിയായത്. യുവതിയുടെ മാമനെ യുവാവും സുഹൃത്തുക്കളും സംഘം ചേർന്ന് മർദ്ദിക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വയറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. വിവരമറിഞ്ഞ് എയിഡ് പോസ്റ്റിൽ നിന്ന് പൊലീസും സുരക്ഷാജീവനക്കാരും സ്ഥലത്തെത്തി.

ഇരുകൂട്ടരെയും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസിന് നേരെയും കൈയേറ്റശ്രമമുണ്ടായി. സംഭവത്തിൽ ഇരുകൂട്ടർക്കും പരാതിയില്ല. കസ്റ്റഡിയിലെടുത്ത പള്ളിച്ചൽ സ്വദേശിയായ യുവതിയുടെ മാമനെതിരെ പെറ്റിക്കേസ് എടുത്തിട്ടുണ്ടെന്ന് മെഡിക്കൽ കോളേജ് പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ യുവതി ഭർത്താവിനൊപ്പം പോയി. ഇതിനിടെ ആശുപത്രിയിൽ യുവതിക്കൊപ്പമുണ്ടായിരുന്ന മാതാവിനെ കാണാതായത് പരിഭ്രാന്തി പരത്തി. മാതാവ് സ്വന്തം വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. മകളോടൊപ്പം പോയതാണോയെന്ന് സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. രാത്രി വൈകിയും ഇവരെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started