
12-06-23
കടയ്ക്കാവൂർ: അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ ലക്ഷങ്ങൾ ചെലവഴിച്ച് അറ്റകുറ്റപ്പണികൾ നടത്തിയ പൊലീസിന്റെ റെസ്ക്യൂ ബോട്ട് വീണ്ടും കട്ടപ്പുറത്ത്. ഇതോടെ മുതലപ്പൊഴിയിലെ രക്ഷാപ്രവർത്തനങ്ങൾക്ക് കോസ്റ്റൽ പൊലീസിന് മത്സ്യത്തൊഴിലാളികളുടെ ബോട്ടുൾപ്പെടെയുള്ള സേവനം ആശ്രയിക്കേണ്ട അവസ്ഥയാണ്. നിലവിൽ എൻജിൻ സംബന്ധമായ തകരാറുകൾ വന്നതോടെയാണ് ബോട്ട് വീണ്ടും കട്ടപ്പുറത്ത് കയറാൻ കാരണം. കൃത്യമായ ഇടവേളകളിൽ എൻജിൻ ഓയിൽ മാറ്റാത്തതിലും ട്രയൽറൺ പോലും നടത്താത്തതിലുമാണ് നിലവിലെ തകരാറിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. ആറ് മാസമോ അല്ലെങ്കിൽ 250 മണിക്കൂറോ സർവീസ് നടത്തിയാൽ എൻജിൻ ഓയിൽ മാറ്റണമെന്നാണ് വ്യവസ്ഥ. കാലാവധി കഴിയാറായപ്പോൾത്തന്നെ എൻജിൻ ഓയിൽ മാറ്റണമെന്നുള്ള വിവരം കോസ്റ്റൽ ഡിപ്പാർട്ട്മെന്റിൽ അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് അറിയിച്ചിരുന്നതായും പറയപ്പെടുന്നു. കഴിഞ്ഞകാലങ്ങളിൽ അഴിമുഖത്തും സമീപ പ്രദേശങ്ങളിലുമായി നിരവധി ബോട്ടപകടങ്ങളാണ് നടന്നത്. അപകടത്തിൽ നശിച്ച ബോട്ടുകളുടെ നാശനഷ്ടം കോടികളാണ്. ഈ മേഖലയിൽ ബോട്ടപകടങ്ങൾ ഇപ്പോഴും നിർബാധം തുടരുന്നുണ്ട്. ഈ അവസ്ഥയിൽ രക്ഷാപ്രവർത്തനത്തിന് താങ്ങാകേണ്ട ബോട്ട് കൂടി കട്ടപ്പുറത്ത് ആയത് മത്സ്യത്തൊഴിലാളികളെ ആശങ്കയിൽ ആഴ്ത്തുന്നു. 10 വർഷത്തിലേറെ പഴക്കമുള്ള കോസ്റ്റൽ പൊലീസിന്റെ ജലറാണി എന്ന റെസ്ക്യൂ ബോട്ടാണ് ആഴ്ചകളായി സർവീസ് നടത്താൻ കഴിയാതെ കിടക്കുന്നത്.
കാലാവധിയും കഴിഞ്ഞു
ബോട്ട് സർവീസ് നടത്തി എൻജിൻ ഓയിൽ മാറ്റുന്നതിന് കോസ്റ്റൽ ഡിപ്പാർട്ട്മെന്റ് കരാറുകൾ നൽകിയിട്ടുള്ളത് കൊച്ചിൻ ഷിപ്പ്‌യാർഡിനാണ്. ഓരോ ബോട്ടിനും ഏകദേശം 20,000 രൂപയാണ് ഇതിനായുള്ള കരാർതുകയെന്നാണ് സൂചന. കോസ്റ്റൽ പൊലീസിന്റെ സംസ്ഥാനത്തെ എല്ലാ റെസ്ക്യൂ ബോട്ടുകൾക്കും കൃത്യമായ ഇടവേളകളിൽ എൻജിൻ ഓയിൽ ഉൾപ്പെടെയുള്ളവ മാറ്റി അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായി കരാർ നൽകിയിട്ടുണ്ട്. നിലവിൽ ഇതിന്റെ കാലാവധി കഴിഞ്ഞതാണ് കോസ്റ്റൽ മേഖലയിൽ ഇപ്പോഴുള്ള പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇനി പുതിയ കരാർ നൽകിയാൽ മാത്രമേ, ബോട്ടിന് വീണ്ടും സർവീസ് ആരംഭിക്കാൻ സാധിക്കൂ.
വില്ലനായി അഴിമുഖ ചാനലിലെ മണൽ
സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് കരാർ പുതുക്കുന്നതിനുള്ള പ്രധാന തടസ്സമെന്നും ആരോപണമുണ്ട്. നിലവിൽ മറൈൻ എൻഫോഴ്സ്മെന്റ് ബോട്ടും കടലിൽ ഇറക്കാൻ സാധിക്കാത്ത അവസ്ഥയാണ്. മുതലപ്പൊഴി അഴിമുഖ ചാനൽ മണൽ മൂടിയതോടെ ആവശ്യത്തിന് ആഴമില്ലാതായതാണ് വലിപ്പം കൂടുതലുള്ള മറൈൻ എൻഫോഴ്സ്മെന്റ് ബോട്ട് സർവീസിന് തടസ്സമായത്. മാത്രമല്ല ട്രോളിംഗ് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ മറൈൻ എൻഫോഴ്സ്മെന്റ് സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയൊരു ബോട്ട് കൂടി എത്തുമെന്നും പറഞ്ഞിരുന്നു. എന്നാൽ ഈ ബോട്ടിനും നിലവിലെ സാഹചര്യത്തിൽ സർവീസ് നടത്താൻ സാധിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
നിലവിൽ മുതലപ്പൊഴിയിലെ രക്ഷാ പ്രവർത്തനങ്ങൾ താളംതെറ്റിയ അവസ്ഥയിലാണ്. ട്രോളിംഗ് നിരോധനം തുടങ്ങിയ സാഹചര്യത്തിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഉപയോഗിക്കുന്ന ഇൻബോർഡ് ഔട്ട് ബോർഡ് വള്ളങ്ങൾക്കു പോലും ചാനൽ മാർഗ്ഗം പ്രവേശിക്കുമ്പോൾ അപകടം ഉണ്ടായാൽ രക്ഷാപ്രവർത്തനങ്ങൾക്ക് തിരിച്ചടിയായിരുക്കകയാണ് കോസ്റ്റൽ പൊലീസിന്റെ റസ്ക്യൂ ബോട്ട്.





Leave a comment