പകർച്ചവ്യാധി ഭീഷണിയിൽ വർക്കല നഗരസഭ മാലിന്യസംസ്കരണ പ്ലാൻറ്

waste-dumbing

07-06-23

വർക്കല: പകർച്ചവ്യാധി ഭീഷണിയിൽ വർക്കല നഗരസഭ മാലിന്യസംസ്കരണ പ്ലാന്റ്. കഴിഞ്ഞദിവസം പെയ്ത മഴയിൽ പ്ലാന്റിൽ വെള്ളം കയറി സംഭരണ ജൈവമാലിന്യങ്ങളിൽ നിന്നുള്ള ജലവും പുഴുവരിച്ച മാലിന്യങ്ങളും ചേർന്ന് വെള്ളക്കെട്ടുണ്ടായി. മാലിന്യ പ്ലാന്റിൽ ജോലി ചെയ്യുന്ന നാല്പതോളം തൊഴിലാളികളുടെ അവസ്ഥ വളരെ ദയനീയമാണ്. മലിനമായ ചുറ്റുപാടിൽ ജോലി നോക്കുന്ന ഇവർക്ക് സാംക്രമിക രോഗങ്ങൾ പിടിപെടുന്നതിനുള്ള സാദ്ധ്യത ഏറെയാണ്.

ഹെൽത്ത് വിഭാഗത്തിന്റെ കീഴിൽ പ്രവർത്തിച്ചിരുന്നപ്പോൾ കൃത്യമായി 400 രൂപയോളം ദിവസ വേതനം ലഭിച്ചിരുന്ന ഇവർക്ക് കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടു. തുടർന്ന് പ്രവർത്തനം പുനരാരംഭിച്ചപ്പോൾ ഹെൽത്ത് വിഭാഗത്തിനു കീഴിൽ പ്രവർത്തിച്ചിരുന്നവരെ മുഴുവൻ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാക്കി. 296 രൂപ ദിവസ വേതനം എന്നത് 316 രൂപയായി ഉയർത്തിയെങ്കിലും ഒന്നിടവിട്ട ദിവസങ്ങളിൽ ജോലി നോക്കാൻ ഇവർ നിർബന്ധിതരായി.

തൊഴിലുറപ്പ് ജോലിയായതിനാൽ മൂന്ന് മാസത്തെ ശമ്പളവും ഇവർക്ക് കുടിശ്ശികയിനത്തിൽ ലഭിക്കാനുണ്ട്. കാലാകാലങ്ങളായി ബഡ്ജറ്റിൽ മാലിന്യസംസ്കരണ പ്ലാന്റിനായി വകയിരുത്തുന്ന തുക ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നില്ലെന്നും പരാതിയുണ്ട്.

പ്ലാന്റ് പ്രവർത്തനം ആരംഭിച്ചത് – 2010 ജൂലായിൽ

പ്രവർത്തനം – പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ വേർതിരിക്കുക

സംരക്ഷണമില്ല

ദുർഗന്ധം വമിക്കുന്ന മാലിന്യകേന്ദ്രത്തിൽ ജോലിക്ക് ആവശ്യമായ ഗ്ലൗസുകൾ, ബൂട്ടുകൾ, മാസ്ക് എന്നിവയൊന്നുമില്ലാതെ ജോലി ചെയ്യുന്ന ഇവർക്ക് അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ പരിഗണനയും ലഭിക്കുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു. മാലിന്യത്തിൽ ജോലി ചെയ്യുന്നതിനാൽ മുൻകാല ജീവനക്കാരിൽ പലരും നിത്യരോഗികളായി മാറിക്കഴിഞ്ഞു. ശ്വാസംമുട്ട് , ത്വക്ക് രോഗങ്ങൾ ഉൾപ്പെടെയുള്ളവ ബാധിച്ചു.

മാലിന്യപ്ലാന്റിലെ തൊഴിലാളികൾ

മനുഷ്യരാണെന്നുള്ള പരിഗണന ഞങ്ങൾക്ക് നഗരസഭ തരണമെന്ന് അപേക്ഷിക്കുന്നു. ദിവസ വേതനത്തിന് ഞങ്ങൾ ഏറ്റുവാങ്ങുന്നത് മാറാരോഗങ്ങളാണ്. എന്നിട്ടും ഈ ജോലിക്ക് എത്തുന്നത് പട്ടിണി മറ്റാനാണ്. ദുരിത സാഹചര്യം ചൂണ്ടിക്കാട്ടി സംസാരിച്ചാൽ നാളെ മുതൽ ജോലി ഇല്ലാതാകുമെന്ന ഭീഷണിയിലാണ് ഞങ്ങൾ.

പ്രവർത്തനരഹിതമായി

നാലടി വീതം വീതിയും നീളവും ഉയരവുമുള്ള വായു കടക്കത്തക്കരീതിയിൽ ഫെറോസ്ളാബ് ഉപയോഗിച്ച് നിർമ്മിച്ച 21 യൂണിറ്റാണ് തുമ്പൂർമുഴി മോഡൽ എയ്റോബിക് കമ്പോസ്റ്റ് പ്ലാന്റിലുള്ളത്.ഇതിൽ നിന്ന് ഊർന്നിറങ്ങുന്ന ജലം പുറന്തള്ളുന്ന പൈപ്പുകൾ മാലിന്യം വീണ് അടഞ്ഞതോടെയാണ് പ്രവർത്തനരഹിതമായത്.പ്ലാന്റിൽ നിന്ന് സംസ്കരിച്ചെടുത്ത കമ്പോസ്റ്റ് കൃഷിയാവശ്യത്തിനായി ഉപയോഗിക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല. 90 ദിവസം കൊണ്ട് രൂപന്തരപ്പെടുന്ന കമ്പോസ്റ്റ് വളം കുഴിച്ചുമൂടുകയാണ് ചെയ്യുന്നത്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started