06-06-23
തിരുവനന്തപുരം : ചാലയ്ക്കു സമീപം ആര്യശാലയിൽ കടകൾക്ക് തീപ്പിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. അഞ്ച് കടകൾ പൂർണമായി കത്തിനശിച്ചു. തീ കൂടുതൽ കടകളിലേക്കു പടരുന്നതു തടയാനായത് നാശനഷ്ടങ്ങൾ കുറച്ചു.
തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ ആര്യശാല ക്ഷേത്രത്തിനു സമീപത്താണ് തീപ്പിടിത്തമുണ്ടായത്. ശിവകുമാർ കെമിക്കൽസിലാണ് ആദ്യം തീ കണ്ടത്. തുടർന്ന് സമീപത്തെ ശ്രീകണ്ഠേശ്വര പവർടൂൾസ്, ശ്രീകൃഷ്ണ ഇലക്ട്രിക്കൽസ്, തായി ട്രേഡേഴ്‌സ്, പവർടൂൾസ് അറ്റകുറ്റപ്പണി നടത്തുന്ന കട എന്നിവിടങ്ങളിലേക്ക് തീ പടരുകയായിരുന്നു.
ഇടുങ്ങിയ വഴിക്കുള്ളിലെ സ്ഥാപനത്തിലേക്ക് തീപടർന്നു. കടയിലുണ്ടായിരുന്നവരും ജീവനക്കാരും പുറത്തേക്ക് ഓടിരക്ഷപ്പെട്ടു.
JUST IN
സ്ഥാപനങ്ങൾക്ക് മുന്നിലുണ്ടായിരുന്ന മൂന്ന് ഇരുചക്രവാഹനങ്ങൾ പൂർണമായി കത്തിനശിച്ചു.
ഒരു ഇരുചക്രവാഹനത്തിനു ഭാഗികമായും കേടുപാടുണ്ടായി. ചുമട്ടുതൊഴിലാളികളും വ്യാപാരികളും ചേർന്ന് ആദ്യം തീകെടുത്താൻ ശ്രമിച്ചെങ്കിലും രാസപദാർഥങ്ങളും സിന്തറ്റിക് സാധനങ്ങളുമായതിനാൽ തീ ആളിപ്പടരുകയായിരുന്നു.
കെമിക്കൽ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനത്തിലെ ബ്ലീച്ചിങ് പൗഡറിൽനിന്നാണ് തീ കത്തിയതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞയാഴ്ച സ്ഥാപനത്തിലേക്ക് ഒരു ലോഡ് ബ്ലീച്ചിങ് പൗഡർ വന്നിരുന്നു. ബ്ലീച്ചിങ് പൗഡർ ഗുണനിലവാരമില്ലാത്തതിനാൽ മാറ്റിയിട്ടിരിക്കുകയായിരുന്നു.
തീപിടിച്ച കെട്ടിടത്തിനു മുന്നിൽ പ്രവർത്തിക്കുന്ന ഓടിട്ട കെട്ടിടത്തിലേക്കും തീ പടർന്നു.
സിന്തറ്റിക് ഡോറുകളടക്കമുള്ള പ്ലാസ്റ്റിക് സാധനങ്ങളാണ് ഈ കെട്ടിടത്തിലുണ്ടായിരുന്നത്. ഇവരുടെ ഗോഡൗണും മുകളിലത്തെ നിലയിലുണ്ടായിരുന്നു.
ചെങ്കൽച്ചൂള, ചാക്ക, വിഴിഞ്ഞം, തുടങ്ങിയ സ്റ്റേഷനുകളിൽനിന്ന് അഗ്നിരക്ഷാസേനയെത്തി രണ്ട് മണിക്കൂറോളം എടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്.
ഇടുങ്ങിയ റോഡിലൂടെ വാഹനങ്ങൾ കടന്നുവരാൻ ബുദ്ധിമുട്ടായിരുന്നു. പോലീസ് ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിച്ചാണ് അഗ്നിരക്ഷാസേനാവാഹനങ്ങളെ കടത്തിവിട്ടത്.
ചാലയിൽ പുതിയ അഗ്നിരക്ഷാനിലയം അനുവദിച്ച് നാളുകളായെങ്കിലും ഇതുവരെ നടപടികളൊന്നും ആരംഭിച്ചിട്ടില്ല. വെള്ളം എടുക്കുന്നതിനുള്ള ഹൈഡ്രന്റുകൾ സ്ഥാപിക്കാനുള്ള പദ്ധതിയും പകുതിവഴിയിലാണ്.





Leave a comment